
വാഷിംഗ്ടൺ: യു.എസിലെ ഇന്ത്യൻ സമൂഹത്തിന് കൂടുതൽ വേഗത്തിലും എളുപ്പത്തിലും കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കാൻ എട്ട് പുതിയ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങൾ തുറക്കുമെന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്ര അറിയിച്ചു. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“2025 ഓഗസ്റ്റ് ഒന്നു മുതൽ യുഎസ്സിലെ കോൺസുലാർ സേവനങ്ങളിൽ വലിയ വിപുലീകരണം പ്രഖ്യാപിക്കുന്നു. ഈ വിപുലീകരണത്തെക്കുറിച്ചും സേവന വിതരണത്തിൽ ഇത് കൊണ്ടുവരുന്ന നല്ല മാറ്റങ്ങളെക്കുറിച്ചുമുള്ള അംബാസഡർ വിനയ് ക്വാത്രയുടെ സന്ദേശമിതാ,” എംബസി പോസ്റ്റിൽ കുറിച്ചു.
ബോസ്റ്റൺ, കൊളംബസ്, ഡാലസ്, ഡെട്രോയിറ്റ്, അഡിസൺ, ഓർലാൻഡോ, റാലി, സാൻ ജോസ് എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ വരുന്നത്. ഇത് കൂടാതെ, ലോസ് ഏഞ്ചൽസിൽ മറ്റൊരു കേന്ദ്രം കൂടി ഉടൻ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ പുതിയ കേന്ദ്രങ്ങൾ നിലവിൽ വരുന്നതോടെ കോൺസുലാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.