
ദുബായ്: ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരത്തിന് കനത്ത സുരക്ഷ. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ആദ്യമായി ഇരു രാജ്യങ്ങളിലും ക്രിക്കറ്റിൽ ആദ്യമായി നേർക്കുനേർ വരികയാണ്. യുഎഇക്കെതിരെ വിജയം വരിച്ച് ഇന്ത്യയും ഒമാനെതിരെ വിജയിച്ച് പാകിസ്‌താനും മത്സരത്തിന് എത്തിയിരിക്കുന്നത്. ദുബായ് പോലീസ് മത്സരത്തിനിടയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്‌ടിക്കുന്നത് തടയാൻ സ്റ്റേഡിയത്തിലും പുറത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ താരങ്ങൾ പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരോടുള്ള അനുശോചനം രേഖപ്പെടുത്താൻ മത്സരത്തിൽ കറുത്ത ആം ബാൻഡ് ധരിക്കുമെന്ന് റിപ്പോർട്ട്. ആരാധകരുടെയോ കളിക്കാരുടെയോ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നവർക്ക് മൂന്നുമാസംവരെ തടവും 7.2 ലക്ഷം രൂപ പിഴയും നേരിടേണ്ടിവരുമെന്ന് ദുബായ് പോലീസ് ഇതിനോടകം പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
പതാകകൾ, ബാനറുകൾ, ലേസർ പോയിൻ്ററുകൾ, മൂർച്ചയുള്ള വസ്തുക്കൾ, പടക്കങ്ങൾ തുടങ്ങി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാൻ അനുമതിയില്ലാത്തവയുടെ പട്ടികയും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിക്കുകയോ പടക്കംപോലുള്ള വസ്തുക്കൾ കൈവശംവെയ്ക്കുകയോ ചെയ്താൽ മൂന്നുമാസംവരെ തടവും 1.2 ലക്ഷം രൂപയിൽ കുറയാത്തതും 7.2 ലക്ഷം രൂപയിൽ കവിയാത്തതുമായ പിഴശിക്ഷയും ലഭിക്കും. കാണികൾക്കുനേരെ എന്തെങ്കിലും എറിയുകയോ മോശപ്പെട്ടതോ വംശീയമോ ആയ ഭാഷ പ്രയോഗിക്കുകയോ ചെയ്‌താൽ 2.4 ലക്ഷം മുതൽ 7.2 ലക്ഷം വരെ പിഴയും ലഭിക്കും.