യുഎസിലേക്ക് പാഴ്സലുകൾ അയക്കുന്നത് ഇന്ത്യാ പോസ്റ്റ് നിർത്തിവെച്ചു; നിയന്ത്രണം ഓഗസ്റ്റ് 25 മുതൽ

ദില്ലി: ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ മാറ്റങ്ങൾ ജനജീവിതത്തെ ബാധിച്ചു തുടങ്ങുന്നു. അമേരിക്കയിലേക്കുള്ള മിക്ക അന്താരാഷ്ട്ര തപാൽ സേവനങ്ങളും ഇന്ത്യൻ തപാൽ വകുപ്പ് താത്ക്കാലികമായി നിർത്തിവെച്ചു. യുഎസ് സർക്കാർ കൊണ്ടുവന്നതും സാധനങ്ങളുടെ അന്താരാഷ്ട്ര ഷിപ്പിംഗിനെ ബാധിക്കുന്നതുമായ നിയന്ത്രണങ്ങളെ തുടർന്നാണ് തീരുമാനം. ഓഗസ്റ്റ് 25 മുതൽ നിയന്ത്രണം നിലവിൽ വരും.ട്രംപ് ഭരണകൂടം ഈ വർഷം ജൂലൈ 30ന് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡർ നമ്പർ 14324 ന് പിന്നാലെയാണ് ഈ തീരുമാനം.

ഈ ഉത്തരവിലൂടെ യുഎസ് 800 ഡോളർ വരെ മൂല്യമുള്ള സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി നൽകിയിരുന്ന ഇളവ് പിൻവലിച്ചിരുന്നു. ഓഗസ്റ്റ് 29 മുതൽ യുഎസിലേക്ക് അയക്കുന്ന എല്ലാ സാധനങ്ങൾക്കും അവയുടെ മൂല്യം പരിഗണിക്കാതെ തന്നെ, ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർ ആക്ട് തീരുവ പ്രകാരമുള്ള കസ്റ്റംസ് തീരുവ ബാധകമായിരിക്കും. പുതിയ തീരുവയിൽ നിന്ന് ഇളവ് 100 ഡോളർ വരെ വിലയുള്ള സമ്മാനങ്ങൾക്ക് മാത്രമാണ്.

ഈ ഉത്തരവ് പ്രകാരം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) അംഗീകരിച്ച കാരിയറുകൾക്കും അംഗീകൃത സ്ഥാപനങ്ങൾക്കും പുതിയ ചില ഉത്തരവാദിത്വമുണ്ട്. അന്താരാഷ്ട്ര തപാൽ തീരുവ ശേഖരിക്കുകയും കൈമാറുകയും ചെയ്യണം. ഓഗസ്റ്റ് 15 ന് സിബിപി പ്രാഥമിക മാർഗനിർദേശങ്ങൾ പുറത്തിറക്കിയെങ്കിലും, അംഗീകൃത സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും തീരുവ ശേഖരിക്കുന്നതിനും കൈമാറുന്നതിനുമുള്ള സംവിധാനങ്ങളും അന്തിമമായിട്ടില്ല. അതുകൊണ്ടാണ് യുഎസിലേക്കുള്ള പോസ്റ്റൽ സർവീസുകൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നത്.

തപാൽ വകുപ്പ് ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണെന്നും എത്രയും വേഗം യുഎസ്സിലേക്കുള്ള മുഴുവൻ തപാൽ സേവനങ്ങളും പുനരാരംഭിക്കാൻ ശ്രമിക്കുമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. സേവനം താൽക്കാലികമായി നിർത്തിവെച്ചതിൽ ഖേദം പ്രകടിപ്പിച്ച തപാൽ വകുപ്പ് എത്രയും വേഗം മുഴുവൻ സേവനങ്ങളും പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

More Stories from this section

family-dental
witywide