
കൊച്ചി: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറാണ് പുരസ്കാരങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചത്. ഐപിസിഎൻഎയുടെ പ്രശസ്തമായ മാധ്യമ ശ്രീ പുരസ്കാരം ഇത്തവണ 24 ന്യൂസ് ചീഫ് എഡിറ്ററും ഫ്ലവേഴ്സ് ടിവി ഡറക്ടറുമായ ആർ. ശ്രീകണ്ഠൻനായർക്കാണ്. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. മാധ്യമ രത്ന പുരസ്കാരം ദ് ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യാ രാജേന്ദ്രനാണ്. 50000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.
പത്രം, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ, ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പുരസ്കാരം നൽകി ആദരിക്കുന്നത് ഈ വർഷത്തെ അവാർഡുകളുടെ പ്രത്യകത ആണെന്ന് സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്ന പയനിയർ അവാർഡ് ഈ വർഷത്തെ അവാർഡുകളുടെ തിളക്കം കൂട്ടുന്നു എന്ന് പ്രസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത് (2026-27) വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനുവരി 10 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മന്ത്രിമാരായ പി രാജീവ്, കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരള സർക്കാരിന്റെ ഡൽഹിയിലെ സ്പെഷ്ൽ ഓഫിസർ പ്രഫ. കെ വി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്നു ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ എം പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, മാണി സി കാപ്പൻ, റോജി എം ജോൺ, ടി ജെ വിനോദ്, മാത്യു കുഴൽനാടൻ , കെ എൻ ഉണ്ണികൃഷ്ണൻ, ചാണ്ടി ഉമ്മൻ, മുൻ എം പി സെബാസ്റ്റ്യൻ പോൾ, ബി ജെ പി നേതാവ് എം ടി രമേശ് എന്നിവരും പങ്കെടുക്കും.
മീഡിയ എക്സലൻസ് പുരസ്കാരങ്ങൾക്ക് ക്യാഷ് അവാർഡും, ഫലകവും, പ്രശസ്തി പത്രവും നൽകുന്നതാണ്. പ്രശസ്ത മാധ്യമ പ്രവർത്തകനായ ശ്രീ ജേക്കബ് ജോർജ്, മുൻ ദൂരദർശൻ പ്രോഗ്രാം മേധാവി ജി സാജൻ , ഇന്ത്യ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ എന്നിവർ അടങ്ങുന്ന ജൂറിയാണ് നൂറുകണക്കിന് അപേക്ഷകരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.
അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, ഇന്ത്യ പ്രസ് ക്ലബ് ട്രഷറർ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോർഡ് അംഗങ്ങളും ഈ അവാർഡ് ദാന ചടങ്ങിനു ചുക്കാൻ പിടിക്കുന്നു.
മാധ്യമശ്രീ പുരസ്കാര ചടങ്ങിന്റെ മുഖ്യ സ്പോൺസർ (പ്ലാറ്റിനം | ഇവന്റ്) പ്രശസ്ത സംരഭകരായ സാജ് ഏർത് ഗ്രൂപ്പിന്റെ സാജനും മിനി സാജനും ആണ്. കഴിഞ്ഞ നിരവധി വർഷങ്ങളായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നു സാജനും മിനിയും പറഞ്ഞു. ഇതോടൊപ്പം എലീറ്റ് സ്പോണ്സർമാരായ വർക്കി എബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ, ഹെൽത് കെയർ പാർട്ണർ ബിലീവേഴ്സ് ചാരിറ്റി ഹോസ്പിറ്റൽ, എഡ്യൂകേഷൻ പാർട്ണർ റാണി തോമസ്, ബെറാക എലൈറ്റ് എഡ്യൂക്കേഷൻ, ഗോൾഡ് സ്പോൺസർമാരായ നോഹ ജോർജ് ഗ്ലോബൽ കൊളിഷൻ , ജോൺ പി ജോൺ കാനഡ, ദിലീപ് വര്ഗീസ്, അനിയൻ ജോർജ്, സിൽവർ സ്പോണ്സർമാരായ സജിമോൻ ആന്റണി, ബിനോയ് തോമസ്, ജെയിംസ് ജോർജ് എന്നിവരും, ജോൺസൻ ജോർജ്, വിജി എബ്രഹാം എന്നിവർ ബ്രോൻസി സ്പോണ്സര്മാരും, ജേർണലിസം സ്റ്റുഡന്റസ് സപ്പോർട്ട് ജിജു കുളങ്ങര എന്നിവരും ഈ പ്രോഗ്രാമിന്റെ പ്രായോജകരാണ്


പയനിയര്’ പുരസ്കാരം നേടിയവർ
ഡോ. ജോർജ് മരങ്ങോളി ( പ്രഭാതം, നോർത്ത് അമേരിക്കയിലെ ആദ്യ വാർത്താപത്രം)
സി. എൽ. തോമസ് ( മുതിർന്ന മാധ്യമ പ്രവർത്തകൻ/ ഡയറക്ടർ കേരള മീഡിയ അക്കാദമി)
പേഴ്സി ജോസഫ് ( വൈസ് പ്രസിഡൻ്റ് , വിഷ്വലൈസേഷൻ , ഏഷ്യാനെറ്റ്)
അനിൽ നമ്പ്യാർ – (എക്സിക്യൂട്ടിവ് എഡിറ്റർ – ജനം ടിവി)
എൻ. പി. ചന്ദ്രശേഖരൻ – ( ഡയറക്ടർ ,കൈരളി ടിവി)
പി. ശ്രീകുമാർ ( ജന്മഭൂമി ഓൺലൈൻ എഡിറ്റർ)
പ്രമോദ് രാമൻ ( എഡിറ്റർ, മീഡിയ വൺ)
പ്രത്യേക ബഹുമതി – കേരള മീഡിയ അക്കാദമി ( ചെയർമാൻ – ആർ. എസ്. ബാബു).




മറ്റ് പുരസ്കാരങ്ങൾ
മികച്ച ടിവി റിപ്പോർട്ടർ- കെ.ജി കമലേഷ് ( എഷ്യാനെറ്റ് ന്യൂസ്)
മികച്ച വാർത്താ അവതാരകൻ – രഞ്ജിത് രാമചന്ദ്രൻ ( ന്യൂസ് 18)
മികച്ച വാർത്താ അവതാരക – മാതു സജി ( മാതൃഭൂമി ന്യൂസ്)
മികച്ച ന്യൂസ് പ്രൊഡ്യൂസർ – യു. അപർണ ( റിപ്പോർട്ടർ ടിവി)
മികച്ച അന്വേഷണാത്മക പത്രപ്രവർത്തകൻ – ടോം കുര്യാക്കോസ് ( ന്യൂസ് 18)
മികച്ച ന്യൂസ് ക്യാമറമാൻ – സിന്ധുകുമാർ ( മനോരമ ന്യൂസ്)
മികച്ച ന്യൂസ് വിഡിയോ എഡിറ്റർ – ലിബിൻ ബാഹുലേയൻ ( എഷ്യാനെറ്റ് ന്യൂസ്)
മികച്ച വിനോദ പരിപാടിയും പ്രൊഡ്യൂസറും – സ്റ്റാർ സിങ്ങർ, സെർജോ വിജയരാജ് ( ഏഷ്യാനെറ്റ്)
മികച്ച പത്ര റിപ്പോർട്ടർ – ഷില്ലർ സ്റ്റീഫൻ ( മലയാള മനോരമ)
മികച്ച ടെക്നിക്കൽ ക്രിയേറ്റിവ് പേഴ്സൻ – അജി പുഷ്കർ ( റിപ്പോർട്ടർ ടിവി)
മികച്ച പത്ര ഫൊട്ടോഗ്രഫർ – എൻ. ആർ. സുധർമദാസ് ( കേരളകൌമുദി)
സീനിയർ കണ്ടൻ്റ് റൈറ്റർ – അമൃത എ.യു. ( മാതൃഭൂമി ഓൺലൈൻ)
ബെസ്റ്റ് അപ് കമ്മിങ് ജേർണലിസ്റ്റ് – ഗോകുൽ വേണുഗോപാൽ ( ജനം ടിവി)
മികച്ച റേഡിയോ ജേർണലിസ്റ്റ്/ ജോക്കി – RJ ഫസ് ലു (ARN ന്യൂസ് / HIT FM ദുബായ്)
മികച്ച ഓൺലൈൻ ന്യൂസ് പോർട്ടൽ – The Cue -(ചീഫ് എഡിറ്റർ – മനീഷ് നാരായണൻ)
മികച്ച പ്രസ് ക്ലബ് – തിരുവനന്തപുരം
സ്പെഷൽ ജൂറി അവാർഡ് – ബി. അഭിജിത് (ACV ഹെഡ്)
സ്പെഷൽ ജൂറി അവാർഡ് – രാജേഷ് ആർ നായർ ( പ്രൊഡ്യൂസർ ഫ്ലവേഴ്സ് ടിവി)
India Press Club of North America announces media awards