
ടൊറന്‍റോ: ടൊറന്‍റോയിലെ രഥയാത്ര ഘോഷയാത്രക്കുനേരെ അജ്ഞാതരായ ആളുകൾ മുട്ടയെറിഞ്ഞതായും തുടർന്ന് സംഘർഷം ഉണ്ടായതായും റിപ്പോർട്ട്. സംഭവം വംശീയതയുടെയും വിദ്വേഷത്തിന്‍റെയും ആരോപണങ്ങൾ ഉയര്‍ത്തിയിട്ടുണ്ട്. ടൊറന്‍റോയിലെ തെരുവുകളിൽ ഭക്തർ ഭക്തിഗാനങ്ങൾ ആലപിച്ച് നീങ്ങുന്നതായി കാണിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നുള്ള ഒരാൾ അവർക്കുനേരെ മുട്ട എറിഞ്ഞതായി വിഡിയോയിൽ കാണാം.
‘അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നുള്ള ഒരാൾ ഞങ്ങൾക്ക് നേരെ മുട്ട എറിഞ്ഞു. എന്തുകൊണ്ട്? വിശ്വാസം മൂലം ശബ്ദമുണ്ടാകുന്നതാണോ? എന്തുതന്നെ ആയാലും ഞങ്ങൾ നിർത്തിയില്ല. കാരണം ഭഗവാൻ ജഗന്നാഥൻ തെരുവിലായിരിക്കുമ്പോൾ, ഒരു വിദ്വേഷത്തിനും നമ്മെ കുലുക്കാൻ കഴിയില്ല’ -ഇൻസ്റ്റാഗ്രാം ഉപയോക്താവ് സാങ്‌ന ബജാജ് പറഞ്ഞു. ‘ഞങ്ങൾ സ്തബ്ധരായി. വേദനിച്ചു. പക്ഷേ ഞങ്ങൾ നിർത്തിയില്ല. കാരണം വിദ്വേഷത്തിന് ഒരിക്കലും വിശ്വാസത്തെ കീഴടക്കാൻ കഴിയില്ല- വിഡിയോയുടെ ഉടമയായ യുവതി പറഞ്ഞു.
ഒഡിഷ മുൻ മുഖ്യമന്ത്രിയും ബിജെഡി മേധാവിയുമായ നവീൻ പട്നായിക് സംഭവത്തിന്റെ ചിത്രങ്ങൾ ‘എക്‌സി’ൽ പങ്കുവെക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിക്കുകയും ചെയ്തു. പിന്നാലെ സംഭവം ഖേദകരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിഷയം കനേഡിയൻ അധികൃതരോട് ഇന്ത്യ ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും, ഈ പ്രവൃത്തി ചെയ്തവരെ ഉത്തരവാദികളാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.