
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിൽ തിരിച്ചടിച്ച് ഇന്ത്യ. തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസിൽനിന്ന് എഫ്-35 യുദ്ധവിമാനം വാങ്ങാനുള്ള പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ഫെബ്രുവരിയിലെ യു.എസ് സന്ദർശന വേളയിൽ ട്രംപ് തങ്ങളുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 ഇന്ത്യയ്ക്ക് നൽകാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.
ഈ ഓഫറാണ് കേന്ദ്ര സർക്കാർ നിരസിച്ചിരിക്കുന്നത്. യു.എസിനെ എഫ്-35 വിമാനം വാങ്ങാൻ താത്പര്യപ്പെടുന്നില്ലെന്ന നിലപാട് അറിയിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പെടുത്തി ആവശ്യമായ ആയുധങ്ങൾ പരമാവധി തദ്ദേശീയമായി നിർമിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി സംയുക്തമായി ആയുധങ്ങൾ വികസിപ്പിച്ച് അവ ഇന്ത്യയിൽ തന്നെ നിർമിക്കാനുള്ള പദ്ധതികൾക്ക് മാത്രമേ നിലവിൽ പ്രാധാന്യം നൽകുന്നുള്ളു.
ഉയർന്ന വിലകൊടുത്ത് ആയുധം വാങ്ങി ദീർഘകാലം മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് തുടരാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. യു.എസിൻ്റെ വ്യാപാര കമ്മി കുറയ്ക്കാൻ പ്രകൃതിവാതകം, ആശയവിനിമയ ഉപകരണങ്ങൾ, സ്വർണം എന്നിവ കൂടുതലായി അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്താലും പുതിയ ആയുധ ഇടപാട് തത്കാലമുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ.