
ഡല്‍ഹി: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ പഴിചാരലിന് മറുപടിയുമായി ഇന്ത്യ. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ ഉയര്‍ന്ന തീരുവയാണ് ഈടാക്കുന്നതെന്നും ഇത് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചെന്നുമാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്.
രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഡോണള്‍ഡ് ട്രംപ് ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ച മേഖലകളില്‍ ഒന്ന് ഇറക്കുമതി തീരുവയാണ്. ഭൂരിഭാഗം ലോകരാജ്യങ്ങളും അമേരിക്കയില്‍നിന്ന് അന്യായമായ തീരുവയാണ് ഈടാക്കുന്നതെന്നാണ് ട്രംപിന്റെ വാദം. ഏപ്രില്‍ രണ്ടാം തീയതി മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് പകരത്തിന് പകരം തീരുവ ഈടാക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്.
ഇന്ത്യ നമ്മളില്‍നിന്ന് വന്‍തോതിലാണ് തീരുവ ഈടക്കുന്നത്. വളരെ ഭീമമായത്. ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കഴിഞ്ഞ ദിവസവും ട്രംപ് പറഞ്ഞിരുന്നു. ഈ സാഹചര്യം ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ തീരുവ കുറയ്ക്കാന്‍ അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രംപിന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിട്ടുള്ളത്.















