ന്യൂഡൽഹി : അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ തീരുവ യുദ്ധത്തിൽ ഇന്ത്യ–യുഎസ് ബന്ധത്തിൽ വിള്ളൽ വീണെങ്കിലും പ്രതിരോധ രംഗത്ത് സഹകരണം തുടരാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണ. തേജസ് യുദ്ധവിമാനങ്ങളുടെ പരിഷ്കരിച്ച പതിപ്പ് മാർക്ക് 1എ ജെറ്റുകൾക്കാവശ്യമായ 113 എൻജിനുകൾ വാങ്ങാൻ 100 കോടി ഡോളറിന്റെ കരാർ അടുത്തമാസം ഒപ്പിടുമെന്ന് റിപ്പോർട്ടുകൾ.
ഏതാനും ദിവസം മുൻപ് പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിന്ന് വാങ്ങാൻ 62,000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകിയ 97 തേജസ് വിമാനങ്ങൾ വിമാനങ്ങൾക്കാണ് എൻജിൻ വാങ്ങുന്നത്. മിഗ് വിമാനങ്ങൾ ഒഴിവാക്കുന്ന സാഹചര്യത്തിലാണ് 97 തേജസ് വിമാനങ്ങൾ കൂടി നിർമിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നത്. 71.6 കോടി ഡോളറിന്റെ കരാർ എച്ച്എഎലും ജിഇയും തമ്മിൽ 2021 ൽ 83 തേജസ് വിമാനങ്ങൾക്കായി 99 ജിഇ എൻജിനുകൾ വാങ്ങാൻ ഒപ്പിട്ടിരുന്നു.















