
വാഷിംഗ്ടൺ: എച്ച്-1ബി വിസ ഫീസ് 100,000 ഡോളറായി (ഏകദേശം 88 ലക്ഷം രൂപ) വർദ്ധിപ്പിക്കാനുള്ള പ്രസിഡന്റ് ഡേണാൾഡ് ട്രംപിൻ്റെ അപ്രതീക്ഷിത തീരുമാനം അമേരിക്കൻ വിമാനത്താവളങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഈ നീക്കം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ഇന്ത്യൻ ടെക്കികൾ വിമാനങ്ങളിൽ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോർട്ടുകൾ പറയുന്നു.
സെപ്റ്റംബർ 21-നാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. അടുത്തയാഴ്ച ദുർഗാപൂജ ആരംഭിക്കുന്നതിനാൽ, ധാരാളം ഇന്ത്യക്കാർ ഈ സമയത്ത് നാട്ടിലേക്ക് മടങ്ങാറുണ്ട്. അതുകൊണ്ടുതന്നെ പുതിയ തീരുമാനം അവർക്ക് വലിയ തിരിച്ചടിയായി. ഇന്ത്യയിലേക്ക് മടങ്ങിയവർക്ക് അമേരിക്കയിലേക്ക് തിരികെ പോകാൻ നേരിട്ടുള്ള വിമാന ടിക്കറ്റുകളുടെ വില കുത്തനെ വർധിച്ചു. ഈ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ വലിയ തുക ഈടാക്കി.
എച്ച്-1ബി വിസ ലഭിക്കുന്നവരിൽ ഏകദേശം 70% ഇന്ത്യക്കാരായതിനാൽ ഈ തീരുമാനം അവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, സെപ്റ്റംബർ 21ന് രാവിലെ 9:31-ന് മുൻപ് എച്ച്-1ബി വിസക്കാർ അമേരിക്കയിൽ പ്രവേശിക്കണം. അതിനുശേഷം, സ്പോൺസർ ചെയ്യുന്ന കമ്പനി 100,000 ഡോളർ ഫീസ് അടച്ചാൽ മാത്രമേ പ്രവേശനാനുമതി ലഭിക്കൂ. ട്രംപിൻ്റെ ഈ നടപടി ഇന്ത്യൻ ടെക് സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.