
ന്യൂഡൽഹി: ഓഗസ്റ്റ് ഒന്നിന് മുൻപ് ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു ഇടക്കാല വ്യാപാര കരാറിലെത്താനുള്ള സാധ്യത മങ്ങിയതായി റിപ്പോർട്ട്. പ്രധാന കാർഷിക, പാൽ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനെ ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോഴും സ്തംഭനാവസ്ഥയിലാണെന്ന് രണ്ട് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 26 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ, ചർച്ചകൾക്ക് അവസരം നൽകുന്നതിനായി ഇത് താൽക്കാലികമായി നിർത്തിവച്ചു. ഈ താൽക്കാലിക നിർത്തിവെപ്പ് ഓഗസ്റ്റ് ഒന്നിന് അവസാനിക്കും. എന്നാൽ, മറ്റ് 20-ൽ അധികം രാജ്യങ്ങൾക്ക് ലഭിച്ചത് പോലെ ഇന്ത്യക്ക് ഇതുവരെ ഔദ്യോഗിക തീരുവ കത്ത് ലഭിച്ചിട്ടില്ല. രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘം അഞ്ചാം ഘട്ട ചർച്ചകൾക്ക് ശേഷം ഒരു വഴിത്തിരിവുമില്ലാതെ വാഷിംഗ്ടണിൽ നിന്ന് മടങ്ങിയിരുന്നു.
ഓഗസ്റ്റ് ഒന്നിന് മുൻപ് ഒരു ഇടക്കാല കരാർ ഉണ്ടാകാൻ സാധ്യത കുറവാണ്, എങ്കിലും വെർച്വൽ ചർച്ചകൾ നടന്നുവരുന്നുണ്ട് എന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നു. ചർച്ചകൾ തുടരുന്നതിനായി ഒരു യുഎസ് പ്രതിനിധി സംഘം ഉടൻതന്നെ ന്യൂഡൽഹി സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയപരമായി പ്രാധാന്യമുള്ള കാർഷിക, പാൽ മേഖലകൾ തുറക്കാൻ ന്യൂഡൽഹി വിസമ്മതിക്കുന്നതും, സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈൽ എന്നിവയ്ക്ക് മേലുള്ള ഉയർന്ന തീരുവകളിൽ ഇളവ് നൽകാനുള്ള ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാൻ വാഷിംഗ്ടൺ തയ്യാറാകാത്തതുമാണ് ചർച്ചകൾ സ്തംഭിക്കാൻ കാരണം.