തീരുവ പ്രശ്നം രൂക്ഷമായിരിക്കേ ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി. അലാസ്‌കയിലെ ഫോർട്ട് വെയ്ൻറൈറ്റിൽ സെപ്റ്റംബർ 1 ന് ആരംഭിച്ച 21-ാമത് സൈനികാഭ്യാസമായ യുദ്ധ് അഭ്യാസ് സെപ്റ്റംബർ 14 വരെ നീണ്ടുനിൽക്കും. സൈന്യകാഭ്യാസത്തിൽ 450-ലധികം ഇന്ത്യൻ സൈനികരും യുഎസ് സൈനികരും പങ്കെടുക്കും.
മദ്രാസ് റെജിമെന്റിന്റെ ഒരു ബറ്റാലിയനിൽ നിന്നുള്ള ഇന്ത്യൻ സംഘം അഭ്യാസത്തിൽ ചേർന്നതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഫോട്ടോകളിൽ അഭ്യാസങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ സൈനികർ സി-17 ഗ്ലോബ്‌മാസ്റ്റർ II വിമാനത്തിൽ നിന്ന് ഇറങ്ങുന്നത് കാണിച്ചു.
സംയുക്ത ഹെലിബോൺ പ്രവർത്തനങ്ങൾ, നിരീക്ഷണ വിഭവങ്ങളുടെയും ആളില്ലാ വ്യോമ സംവിധാനങ്ങളുടെയും ഉപയോഗം, റോക്ക്-ക്രാഫ്റ്റ്, പർവത യുദ്ധം, അപകടത്തിൽപ്പെടുന്നവരെ ഒഴിപ്പിക്കൽ, യുദ്ധ വൈദ്യസഹായം, പീരങ്കികൾ, വ്യോമയാനം, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ എന്നിവയുടെ സംയോജിത ഉപയോഗം തുടങ്ങിയവയാണ് രണ്ടാഴ്ചത്തെ സൈനികാഭ്യാസത്തിൽ ഉൾപ്പെടുത്തിരിക്കുന്നത്.










