
ന്യൂഡല്‍ഹി : തീരുവ ഭീഷണികള്‍ക്കിടയില്‍ ഇന്ത്യയും യുഎസും വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. ഇന്ത്യയും – യുഎസും ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ വ്യാപാര ചര്‍ച്ചകള്‍ നടത്തുമെന്ന് മുതിര്‍ന്ന വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ ശിക്ഷാ തീരുവകള്‍ മൂലം അപകടത്തിലായ സ്വതന്ത്ര വ്യാപാര കരാറില്‍ വഴിത്തിരിവ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉയരുന്നത്. ട്രംപ് അടക്കം ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ ആഴ്ചകളോളം നീണ്ട വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു. ഇന്നു തുടങ്ങുന്ന ചര്‍ച്ചകള്‍ ഇതിനു കൂടി പരിഹാരം കാണുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
യു എസ് വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെന്‍ഡന്‍ ലിഞ്ചും സംഘമാണ് യു എസില്‍നിന്ന് ഡല്‍ഹിയില്‍ എത്തുന്നത്. ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പങ്കെടുക്കും. ഇന്ത്യയ്ക്കുമേല്‍ തീരുവ ഏര്‍പ്പെടുത്തിയതിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് നടക്കുന്ന ആദ്യ വ്യാപാര ചര്‍ച്ചയാണിത്.
കൂടിക്കാഴ്ചയെക്കുറിച്ച് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇരുപക്ഷവും പോസിറ്റീവ് മാനസികാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.