
ഡല്‍ഹി\വാഷിംഗ്ടൺ: താരിഫ് ചുമത്തിയ യുഎസിന് തിരിച്ചടിയായി പകരം തീരുവ ഈടാക്കാൻ ഇന്ത്യ തയാറെടുക്കുന്നു. ഉരുക്കിനും അലുമിനിയത്തിനും യുഎസ് ചുമത്തിയ തീരുവയ്ക്കെതിരെ പകരംച്ചുങ്കം ചുമത്താൻ ഇന്ത്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ – യുഎസ് വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ നീക്കമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
ഉരുക്കിനും അലൂമിനിയത്തിനും ഇക്കഴിഞ്ഞ മാർച്ച് 12 മുതൽ 25 ശതമാനം വരെ തീരുവയാണ് യുഎസ് ചുമത്തുന്നത്. ഇത് ഇന്ത്യയുടെ 760 കോടി ഡോളറിന്‍റെ കയറ്റുമതിയെ ബാധിക്കുമെന്നാണ് സർക്കാർ വിശദീകരണം. 191 കോടി ഡോളറാണ് തീരുവയിനത്തിൽ ഇന്ത്യയ്ക്കുള്ള അധികബാധ്യത. ഇത് രാജ്യത്തെ ബാധിക്കുമെന്നതിനാൽ, ഇന്ത്യയിലേക്കു വരുന്ന തിരഞ്ഞെടുക്കപ്പെട്ട യുഎസ് ഉൽപന്നങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തി തത്തുല്യമായ തുക ശേഖരിക്കാനാണ് ഇന്ത്യയുടെ നീക്കം. 30 ദിവസത്തിനകം പകരം തീരുവ നിലവിൽ വരുമെന്ന് ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) ഇന്ത്യ അറിയിച്ചു. ഏതൊക്കെ ഉൽപന്നങ്ങൾക്കാണ് തീരുവയെന്ന് വ്യക്തമാക്കിയിട്ടില്ല.















