
ന്യൂഡല്‍ഹി : മാംസാഹാരം നല്‍കുന്ന പശുക്കളില്‍ നിന്നുള്ള പാല്‍ ഇന്ത്യന്‍ വിപണിയില്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അമേരിക്കന്‍ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ വിപണി തുറന്ന് കൊടുക്കണമെന്ന അമേരിക്കയുടെ ശക്തമായ ആവശ്യം തള്ളിയാണ് ഇന്ത്യയുടെ നിലപാട്.
മാംസാഹാരം നല്‍കുന്ന മൃഗങ്ങളില്‍ നിന്നുള്ള പാല്‍ സ്വീകാര്യമല്ലെന്നും ഇത്തരം ഉല്‍പ്പന്നങ്ങള്‍ നല്‍കാത്ത പശുക്കളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്ന പാല്‍ വരുന്നതെന്ന് വ്യക്തമാക്കുന്ന കര്‍ശനമായ സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മതപരവും സാംസ്‌കാരികവുമായ കാരണവും ഇന്ത്യ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയില്‍ മതപരമായ ആചാരങ്ങളില്‍ പാലും നെയ്യും ദിവസവും ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യ എടുത്ത് പറയുന്നു. എന്നാല്‍, ക്ഷീര, കാര്‍ഷിക മേഖലകളില്‍ ഇന്ത്യ കൈകടത്തരുതെന്നും ഇത് അനാവശ്യമായ വ്യാപാര തടസ്സം സൃഷ്ടിക്കുമെന്നുമാണ് അമേരിക്കന്‍ വാദം.
കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ ഉറപ്പാക്കുമെന്നും മൃഗങ്ങളുടെ ഉപോല്‍പ്പന്നങ്ങള്‍ നല്‍കിയ പശുക്കളില്‍ നിന്ന് ലഭിക്കുന്ന പാലുല്‍പ്പന്നങ്ങളുടെ ഉപഭോഗം ഇന്ത്യക്കാരുടെ മതവിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.