മിൽമയ്ക്ക് പകരം മിൽന; അനുകരിച്ച കമ്പനിയ്ക്ക് 1 കോടി രൂപ പിഴ

തിരുവനന്തപുരം: മില്‍മയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള ലോഗോയും പാക്കറ്റും വിപണിയില്‍ എത്തിച്ച് പാലുല്‍പന്നങ്ങളുടെ വില്‍പ്പന നടത്തിയിരുന്ന മിൽന കമ്പനിക്ക് 1 കോടി രൂപ പിഴ . തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതിയാണ് പിഴ ഈടാക്കിയത്. മില്‍മയുടെ പരാതി മേലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും ഉള്‍പ്പടെ കമ്പനിക്കെതിരെ ചുമത്തിയിട്ടുണ്ട്.

സ്ഥാപനത്തെ മില്‍മയ്ക്ക് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും പരസ്യപ്പെടുത്തുന്നതില്‍ നിന്നും കോടതി വിലക്കി. ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ ഇനിയും കര്‍ശന നടപടിയുണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി അറിയിച്ചു.