ദീപാവലി ദിനത്തിൽ മോദിയെ വിളിച്ച് ട്രംപ്; ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കും, മോദിയുടെ ഉറപ്പുകിട്ടിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് ഉറപ്പുകിട്ടിയതായും അവകാശപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം മുന്നോട്ട് വച്ചിരുന്നതും ഉക്രെയ്‌നില്‍ സമാധാനം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നതുമായ അവകാശവാദമാണിത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ട്രംപ് മോദിയെ വിളിച്ചത്. മോദി ഒരു മഹാനായ സുഹൃത്താണെന്നും മികച്ച വ്യക്തിയാണെന്നും ട്രംപ് പുകഴ്ത്തുകയും ചെയ്തു. ഇന്ത്യയും യുഎസും ചില മികച്ച കരാറുകള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

അതിനിടെ, ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം പരാമര്‍ശിക്കുകയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ചതായും ട്രംപ് ആവര്‍ത്തിച്ചു. ഇത് പലപ്പോഴും ഇന്ത്യ നിഷേധിച്ചെങ്കിലും ട്രംപ് ആവര്‍ത്തിച്ചു പറയുന്ന ഒന്നാണ്.

‘ഇന്ന് ഞാന്‍ നിങ്ങളുടെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. നല്ലൊരു സംഭാഷണം നടത്തി. വ്യാപാരത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. ഒരുപാട് കാര്യങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്, പക്ഷേ പ്രധാനമായും വ്യാപാര ലോകത്തെക്കുറിച്ചാണ്. അദ്ദേഹത്തിന് അതില്‍ വളരെ താല്‍പ്പര്യമുണ്ട്,’ അദ്ദേഹം വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ഞങ്ങള്‍ക്ക് വളരെ നല്ല ബന്ധമേയുള്ളൂ, ഇന്ത്യ റഷ്യയില്‍ നിന്ന് അധികം എണ്ണ വാങ്ങാന്‍ പോകുന്നില്ല. റഷ്യയുമായും യുക്രെയ്നുമായും ഉള്ളതുപോലെ ആ യുദ്ധം അവസാനിക്കുന്നത് കാണാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ, അവര്‍ അധികം എണ്ണ വാങ്ങില്ല. അതിനാല്‍, അവര്‍ അത് വളരെ കുറച്ചുകൊണ്ടിരിക്കുകയാണ്,’- ട്രംപ് പറഞ്ഞു.

ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടന്ന പ്രത്യേക ദീപാവലി പരിപാടി വിളക്ക് കൊളുത്തിയാണ് ട്രംപ് ആഘോഷിച്ചത്. ട്രംപിനൊപ്പം യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയും പങ്കെടുത്തിരുന്നു. കൂടാതെ, ഇന്ത്യന്‍ വംശജരായ എഫ്ബിഐ മേധാവി കാഷ് പട്ടേല്‍, ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡ്, ഇന്ത്യയിലെ പുതിയ യുഎസ് പ്രതിനിധി സെര്‍ജിയോ ഗോര്‍, ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ്സ് നേതാക്കള്‍ എന്നിവരും പങ്കെടുത്തിരുന്നു.

India will reduce oil imports from Russia, says Trump

More Stories from this section

family-dental
witywide