
ന്യൂയോര്‍ക്ക്: വിദേശികളായ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ സഞ്ചരിച്ച ന്യൂയോര്‍ക്ക് ടൂര്‍ ബസ് അപകടത്തില്‍പ്പെട്ട് മരിച്ച അഞ്ചുപേരില്‍ ഇന്ത്യക്കാരനും. ബീഹാറില്‍ നിന്നുള്ള 65 വയസ്സുകാരനായ ശങ്കര്‍ കുമാര്‍ ഝാ (65) ആണ് മരിച്ചതെന്ന് ന്യൂയോര്‍ക്ക് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ ന്യൂജേഴ്‌സിക്കാരും മറ്റൊരാള്‍ ചൈനീസ് പൗരയുമാണ്.
ശങ്കര്‍ കുമാര്‍ ഝായെ കൂടാതെ, ന്യൂജേഴ്സിയിലെ ഈസ്റ്റ് ബ്രണ്‍സ്വിക്കില്‍ നിന്നുള്ള പിങ്കി ചാങ്റാനി (60), ചൈനയിലെ ബീജിംഗില്‍ നിന്നുള്ള കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ സീ ഹോങ്ഷുവോ (22), ന്യൂജേഴ്സിയിലെ ജേഴ്സി സിറ്റിയില്‍ നിന്നുള്ള ഷാങ് സിയാവോളന്‍ (55), ജേഴ്സി സിറ്റിയില്‍ നിന്നുള്ള ജിയാന്‍ മിംഗ്ലി (56) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, ന്യൂയോര്‍ക്ക് സ്റ്റേറ്റ് പൊലീസ് വ്യക്തമാക്കി.
വിനോദ സഞ്ചാര സംഘം നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങുമ്പോഴായിരുന്നു അപകടം. ബസില്‍ 54 പേരായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് പുറമേ, ചൈനയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് ചില വിനോദസഞ്ചാരികള്‍ മണിക്കൂറുകളോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നതായും പൊലീസ് പറഞ്ഞു.
യുഎസ്-കാനഡ അതിര്‍ത്തിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന നയാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്ന് ഏകദേശം 64 കിലോമീറ്റര്‍ അകലെയാണ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടമുണ്ടായത്.