ഗ്രീൻ കാര്‍ഡ് സ്വപ്നം കാണുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് തിരിച്ചടി, പരിശോധന കൂടുതൽ ശക്തമാക്കാൻ യുഎസ്

വാഷിംഗ്ടണ്‍: ഗ്രീൻ കാർഡ് ഇന്ത്യൻ അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്ന നയവുമായി യുഎസ്. കുടുംബങ്ങളെ സ്പോൺസർ ചെയ്യുന്ന ഗ്രീൻ കാർഡ് അപേക്ഷകരുടെ എണ്ണത്തിൽ ഇന്ത്യ മുൻപന്തിയിലായതിനാൽ, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) പുറത്തിറക്കിയ പുതിയ നയപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യൻ അപേക്ഷകരെ സാരമായി ബാധിച്ചേക്കും. കുടുംബങ്ങളെ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ വിസ അപേക്ഷകളുടെ പരിശോധന കൂടുതൽ ശക്തമാക്കുക എന്നതാണ് പുതിയ നയത്തിന്‍റെ ലക്ഷ്യം.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്പോൾ യു.എസ്.സി.ഐ.എസ് പോളിസി മാനുവലിന്റെ ഭാഗമാണ്. പങ്കാളികൾ, കുട്ടികൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട അപേക്ഷകൾ എത്രത്തോളം യഥാർത്ഥവും രേഖാമൂലമുള്ളതും നിയമപരവുമാണെന്ന് ഇനിമുതൽ ഏജൻസി വിലയിരുത്തും.

നിയമപരമായ കുടുംബബന്ധങ്ങളെയും വ്യാജവും, കഴമ്പില്ലാത്തതുമായ അപേക്ഷകളെയും വേർതിരിക്കാനാണ് യു.എസ്.സി.ഐ.എസ് ശ്രമിക്കുന്നത്. അത്തരം കേസുകൾ നിയമപരമായ സ്ഥിരതാമസ പദവിയിലേക്കുള്ള (LPR) കുടുംബബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശ്വാസ്യത നശിപ്പിക്കുകയും, യുണൈറ്റഡ് സ്റ്റേറ്റ്സിലെ കുടുംബ ഐക്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് ഏജൻസി പറയുന്നു.

ഉടൻ പ്രാബല്യത്തിൽ വരുന്ന ഈ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുള്ളതും ഭാവിയിലുള്ളതുമായ അപേക്ഷകളെ ബാധിക്കും. കർശനമായ അഭിമുഖ നടപടികൾ, വ്യക്തമായ യോഗ്യതാ മാനദണ്ഡങ്ങൾ, ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കുന്ന കേസുകളിൽ കൂടുതൽ സൂക്ഷ്മമായ പരിശോധന എന്നിവ ഇതിൽ ഉൾപ്പെടുന്നു. യഥാർത്ഥവും, നിയമപരവുമായ വിവാഹ-കുടുംബബന്ധങ്ങൾ ഉറപ്പുവരുത്താൻ ഈ പുതിയ നീക്കം യു.എസ്.സി.ഐ.എസ് ശേഷി വർദ്ധിപ്പിക്കുമെന്ന് ഏജൻസി അറിയിച്ചു.

More Stories from this section

family-dental
witywide