ഒരു മയവുമില്ലാത്ത യുഎസ് നടപടി, ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയക്ക് വിധേയനാകേണ്ട ഇന്ത്യൻ വംശജൻ 2 മാസമായി തടങ്കലിൽ, ചികിത്സ മുടങ്ങി

ചിക്കാഗോ: ഇന്ത്യൻ വംശജനും ഗ്രീൻ കാർഡ് ഉടമയുമായ പരംജിത് സിംഗ് (48) കഴിഞ്ഞ രണ്ടു മാസത്തിലേറെയായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ICE) കസ്റ്റഡിയിൽ. ചിക്കാഗോയിലെ ഓ’ഹെയർ ഇൻ്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് 1994 മുതൽ അമേരിക്കയിൽ താമസിക്കുന്ന സിംഗിനെ കസ്റ്റഡിയിലെടുത്തത്. മസ്തിഷ്ക ട്യൂമറും ഹൃദയസംബന്ധമായ അസുഖങ്ങളും സിംഗിനെ അലട്ടുന്നുണ്ടെന്നും, എന്നാൽ ഇദ്ദേഹത്തിന് കൃത്യമായ ചികിത്സ നിഷേധിക്കപ്പെട്ടതായും കുടുംബം ആരോപിക്കുന്നു. കസ്റ്റഡിയിലായതിനെ തുടർന്ന് സിംഗിൻ്റെ ശസ്ത്രക്രിയയും വൈകി.

ബിബിസി റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയ സിംഗിനെ ജൂലൈ 30-നാണ് കസ്റ്റഡിയിലെടുത്തത്. അഞ്ച് ദിവസം വിമാനത്താവളത്തിൽ തടങ്കലിൽ വെച്ച ശേഷം ഇദ്ദേഹത്തെ ഇന്ത്യാനയിലെ ക്ലേ കൗണ്ടിയിലെ ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. സിംഗിൻ്റെ തടങ്കലിനെ സാധൂകരിക്കുന്നതിനായി ഐസിഇ അധികൃതർ രണ്ട് പഴയ ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, ഈ കേസുകൾ കാലഹരണപ്പെട്ടതോ കൃത്യമല്ലാത്തതോ ആണെന്നാണ് കുടുംബത്തിൻ്റെ വാദം.

1999-ൽ സിംഗ് പണം നൽകാതെ ഒരു പൊതു ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതാണ് ആദ്യ കേസ്. ഈ കേസിൽ ഇദ്ദേഹം 10 ദിവസം ജയിൽ ശിക്ഷ അനുഭവിക്കുകയും 4,137.50 ഡോളർ (ഏകദേശം 3,44,000 രൂപ) പിഴയടക്കുകയും ചെയ്തിരുന്നു. 2008-ൽ ഇല്ലിനോയിസിൽ നടന്ന ഒരു വ്യാജരേഖാ നിർമ്മാണവുമായി ബന്ധപ്പെട്ട കുറ്റകൃത്യമാണെന്ന് ഐസിഇ ആരോപിക്കുന്നു. എന്നാൽ, അത്തരമൊരു കേസ് നിലവിലില്ലെന്നാണ് സിംഗിൻ്റെ കുടുംബം അവകാശപ്പെടുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായിട്ടും ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ, സിംഗിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നിയമപോരാട്ടം തുടരുകയാണ്.

Also Read

More Stories from this section

family-dental
witywide