ഇന്ത്യക്കാരനെ യുഎസില്‍ തലയറുത്ത് കൊലപ്പെടുത്തി; സംഭവം ഭാര്യയും മകനും നോക്കിനില്‍ക്കേ

ഡാളസ്: യുഎസിലെ ഡാളസിലെ ഒരു മോട്ടലില്‍വെച്ച് ഇന്ത്യന്‍ വംശജനെ തലയറുത്ത് കൊലപ്പെടുത്തി. ചന്ദ്രമൗലി നാഗമല്ലയ്യ(50) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവ സമയത്ത് ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ 10 ന് രാവിലെ ഡൗണ്ടൗണ്‍ ഡാളസിന് കിഴക്കുള്ള സാമുവല്‍ ബൊളിവാര്‍ഡിലുള്ള ഡൗണ്‍ടൗണ്‍ സ്യൂട്ട്‌സ് മോട്ടലിലാണ് ആക്രമണം നടന്നത്.

പൊലീസ് പറയുന്നതതിങ്ങനെ: മോട്ടലിൽ മാനേജറായിരുന്ന നാഗമല്ലയ്യയും ജോലിക്കാരനായിരുന്ന യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസെന്ന 37 കാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേടായ വാഷിംഗ്‌മെഷീന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരമായ സംഭവത്തിലേക്ക് നയിച്ചത്. ഒരു വനിതാ ജീവനക്കാരിയോട് ഒരു മുറി വൃത്തിയാക്കുമ്പോള്‍ കേടായ വാഷിംഗ്മെഷീൻ ഉപയോഗിക്കരുതെന്നും ഇക്കാര്യം മാർട്ടിനെസിനോട് പറയാനും ആവശ്യപ്പെട്ടു. നാഗമല്ലയ്യ നേരിട്ട് തന്നോട് ഇക്കാര്യം പറയുന്നതിനുപകരം, വനിതാ ജീവനക്കാരിയെക്കൊണ്ട് പറയിച്ചത് മാര്‍ട്ടിനെസിന് ഇഷ്ടമായില്ല. അസ്വസ്ഥനായ ഇയാൾ തുടർന്ന് കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. കത്തിയെടുത്ത് പ്രതി പലതവണ നാഗമല്ലയ്യയെ കുത്തി. പാർക്കിങ്ങിനുള്ള ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ നാഗമല്ലയ്യ ശ്രമിച്ചെങ്കിലും മാർട്ടിനെസ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു

നാഗമല്ലയ്യയുടെ തല ശരീരത്തില്‍ നിന്ന് വെട്ടിമാറ്റുന്നതുവരെ പ്രതി ആക്രമണം തുടർന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാര്‍ട്ടിനെസ് ഇരയുടെ തല പാര്‍ക്കിംഗ് സ്ഥലത്തേക്കും തുടര്‍ന്ന് അത് എടുത്ത് ഒരു ഡംപ്സ്റ്ററിലേക്ക് കൊണ്ടുപോയി വെച്ചതായുമാണ് റിപ്പോര്‍ട്ട്.

ഡാളസ് ഫയര്‍-റെസ്‌ക്യൂ സംഘം സംഭവസ്ഥലത്തെത്തിയപ്പോള്‍ കോബോസ്-മാര്‍ട്ടിനെസ് രക്തത്തില്‍ കുളിച്ച നിലയില്‍ കത്തിയുമായി നില്‍ക്കുന്നതാണ് കണ്ടത്. ചോദ്യം ചെയ്യലില്‍, കോബോസ്-മാര്‍ട്ടിനെസ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകക്കുറ്റം ചുമത്തി ഡാളസ് കൗണ്ടി ജയിലില്‍ ഇയാള്‍ ഇപ്പോള്‍ തടവിലാണ്.

ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം, കോബോസ്-മാര്‍ട്ടിനെസിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ഫ്‌ളോറിഡയില്‍ വാഹന മോഷണത്തിന് ഇയാള്‍ അറസ്റ്റിലായിരുന്നു. ഹ്യൂസ്റ്റണില്‍ ഒരു കുട്ടിയെ ആക്രമിച്ചതിനടക്കം കുറ്റം ചുമത്തപ്പെട്ട ആളാണ് കോബോസ്-മാര്‍ട്ടിനെസ്.