
വാഷിംഗ്ടണ്‍: 13.5 മില്യണ്‍ യുഎസ് ഡോളറില്‍ കൂടുതല്‍ വിലവരുന്ന ആഭരണങ്ങള്‍ ഇറക്കുമതി ചെയ്തതിനും ലൈസന്‍സില്ലാത്ത പണമിടപാട് നടത്തിയതിനും ന്യൂയോര്‍ക്കില്‍ ഇന്ത്യക്കാരന് 30 മാസം തടവ് ശിക്ഷ വിധിച്ചു. മാണിഷ്‌കുമാര്‍ കിരണ്‍കുമാര്‍ ദോഷി ഷാ (40) എന്നയാള്‍ക്കെതിരെയാണ് കേസ്. ന്യൂയോര്‍ക്കില്‍ ആഭരണ കമ്പനി നടത്തുകയായിരുന്നു ഇയാള്‍.
തട്ടിപ്പ് നടത്താന്‍ ഗൂഢാലോചന നടത്തിയതിനും ലൈസന്‍സില്ലാത്ത പണമിടപാട് ബിസിനസ്സ് നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ആക്ടിംഗ് യുഎസ് അറ്റോര്‍ണി വികാസ് ഖന്ന പറഞ്ഞു.
ജയില്‍ ശിക്ഷയ്ക്ക് പുറമേ, 742,500 യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും, ലൈസന്‍സില്ലാത്ത പണമിടപാട് നടത്തുന്നതുമായി ബന്ധപ്പെട്ട് 11,126,982.33 യുഎസ് ഡോളര്‍ കണ്ടുകെട്ടാനും ജഡ്ജി ഉത്തരവിട്ടു.
കോടതി രേഖകള്‍ പ്രകാരം, ഏകദേശം 2019 ഡിസംബര്‍ മുതല്‍ ഏകദേശം 2022 ഏപ്രില്‍ വരെ, തുര്‍ക്കിയില്‍ നിന്നും ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് ആഭരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള തീരുവ ഒഴിവാക്കുന്നതിനുള്ള തട്ടിപ്പാണ് ഇയാള്‍ നടത്തിയിരുന്നത്.