
കാലിഫോർണിയ: യുഎസിൽ ലൈംഗിക കുറ്റവാളിയെ പിന്തുടർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ. കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ 71 കാരനായ ലൈംഗിക കുറ്റവാളി ഡേവിഡ് ബ്രിമ്മറിനെ കുത്തിക്കൊലപ്പെടുത്തിയതിന് 29 കാരനായ വരുൺ സുരേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി.
ഇരയെ കൃത്യമായി ലക്ഷ്യംവെച്ചുള്ള ആക്രമണമായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെയാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു കത്തിയും സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സഹായം ലഭിച്ചെങ്കിലും ഒന്നിലധികം കുത്തേറ്റതിനാൽ ഇയാളുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം. കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക പീഡന കേസിലെ കുറ്റവാളിയായിരുന്നു കൊല്ലപ്പെട്ട ബ്രിമ്മർ.
ഒരു ലൈംഗിക കുറ്റവാളിയെ കൊല്ലാൻ താൻ വളരെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്നും “അവർ കുട്ടികളെ വേദനിപ്പിക്കുന്നു” എന്നും “മരണത്തിന് അർഹരാണെന്നും” പ്രസ്താവിച്ചുകൊണ്ട് വരുൺ സുരേഷ് പൊലീസിനോട് പറഞ്ഞതായി കോടതി രേഖകളിലുണ്ട്.
1995 ൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒമ്പത് വർഷം ജയിൽ ശിക്ഷ അനുഭവിച്ച രജിസ്റ്റർ ചെയ്ത ലൈംഗിക കുറ്റവാളിയായ ഡേവിഡ് ബ്രിമ്മറിനെ തിരിച്ചറിയാനും കണ്ടെത്താനും സുരേഷ് കാലിഫോർണിയയിലെ മേഗൻസ് ലോ ഡാറ്റാബേസ് ഉപയോഗിച്ചതായി അന്വേഷകർ വെളിപ്പെടുത്തി. ആക്രമണത്തിന് മുമ്പ് സുരേഷിനും ബ്രിമ്മറിനും തമ്മിൽ പരിചയമില്ലായിരുന്നുവെന്നും അധികൃതർ സ്ഥിരീകരിച്ചു.
സംഭവം നടന്ന ദിവസം, സുരേഷ് ബ്രിമ്മറിൻറെ വീട്ടിലെത്തി ഇത് താൻ ഉദ്ദേശിച്ച വ്യക്തിതന്നെയെന്ന് ഉറപ്പിച്ച ശേഷമായിരുന്നു ആക്രമിച്ചത്. ബ്രിമ്മർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സുരേഷ് അയാളെ പിന്തുടർന്ന്, “മാനസാന്തരപ്പെടുക” എന്ന് പറഞ്ഞുകൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. താഴെവീണ ബ്രിമ്മർ ഇഴഞ്ഞു നീങ്ങാൻ ശ്രമിച്ചപ്പോൾ അയാളുടെ കഴുത്ത് അറുക്കുകയായിരുന്നു.