
ഒൻ്റാറിയോ: മോഷ്ടിച്ച ട്രക്ക് ഓടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒൻ്റാറിയോയിൽ നിന്നുള്ള ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു. 24 കാരനായ യുവരാജ് സിംഗിനെയാണ് യുഎസ്-കാനഡ അതിർത്തിക്ക് സമീപം മിഷിഗണിൽ പൊലീസ് അറസ്റ്റുചെയ്തത്.
മോഷ്ടിച്ച മോട്ടോർ വാഹനം ഉപയോഗിച്ചതിനും അസാധുവായ ലൈസൻസ് പ്ലേറ്റ് ഉപയോഗിച്ചതിനും അന്താരാഷ്ട്ര രജിസ്ട്രേഷൻ നിയമം തെറ്റിച്ചതിനുമടക്കം ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഒന്റാറിയോയിലെ ബ്രാംപ്ടണിൽ നിന്നുള്ള യുവരാജ് സിംഗിനെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.
സോൾട്ട് സെന്റ് മേരി ഇന്റർനാഷണൽ പാലത്തിന് സമീപം വാണിജ്യ വാഹന നിയമലംഘനങ്ങളുള്ള ട്രക്ക് കണ്ടതായും തുടർന്ന് നടത്തിയ പരിശോധനയിൽ മോഷ്ടിക്കപ്പെട്ടതായി മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട വാഹനമാണിതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.
സിംഗിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിട്ടുണ്ട്. പാസ്‌പോർട്ട് സമർപ്പിക്കണം, കൗണ്ടി അല്ലെങ്കിൽ സംസ്ഥാനം വിട്ടുപോകരുത്, ഒരു ജിപിഎസ് ടെതർ ഉപയോഗിച്ച് നിരീക്ഷണ വലയത്തിലായിരിക്കണം എന്നിവയടക്കമാണ് ഉപാധികൾ.
Indian-origin man from Ontario caught driving stolen truck at US-Canada border









