
ന്യൂയോര്‍ക്ക് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് 35 വര്‍ഷം തടവ് ശിക്ഷ. യുഎസ് ഡിസ്ട്രിക്ട് കോടതിയാണ് 31 കാരനായ സായ് കുമാര്‍ കുരിമുലയെ ശിക്ഷിച്ചത്.
ഓക്‌ലഹോമയിലെ എഡ്‌മോണ്ടിലെ താമസക്കാരനായ ഇയാള്‍ കുടിയേറ്റ വീസയിലാണ് കഴിഞ്ഞിരുന്നത്.
സമൂഹമാധ്യമ ആപ്പിലൂടെ കൗമാരക്കാരനായി ചമഞ്ഞ് കുട്ടികളെ പരിചയപ്പെടുകയും വിശ്വാസ്യത്തിലെടുത്ത ശേഷം ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു. ആവശ്യം നിരസിച്ചാല്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
മൂന്ന് കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരാണ് ഇരകളെന്നതിനാല്‍ സമൂഹത്തിലെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായാണ് ഇതിനെ കാണുന്നതെന്ന് ശിക്ഷ വിധിച്ച യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജ് ചാള്‍സ് ഗുഡ്‌വിന്‍ വ്യക്തമാക്കി.
2023 ഒക്ടോബറില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സായ് കുമാറിനെ അറസ്റ്റ് ചെയ്തത്.