
കാന്‍ബറ: ഓസ്ട്രേലിയയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ ഇന്ത്യന്‍ വംശജന് ഗുരുതരപരുക്ക്. ഗൗരവ് കുന്ദിയെന്ന 42 കാരനാണ് കഴുത്തിനും തലച്ചോറിനുമടക്കം ഗുരുതരപരുക്കേറ്റ് അത്യാസന്ന നിലയില്‍ കഴിയുന്നത്.
ഓസ്ട്രേലിയ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം വ്യാഴാഴ്ച പുലര്‍ച്ചെ അഡലെയ്ഡിന്റെ കിഴക്കന്‍ പ്രാന്തപ്രദേശത്ത് റോഡില്‍വെച്ച് ഗൗരവും അദ്ദേഹത്തിന്റെ ഭാര്യ അമൃത്പാല്‍ കൗറും പരസ്യമായി തര്‍ക്കിക്കുകയായിരുന്നു. ഗൗരവ് മദ്യപിച്ച് ഉച്ചത്തില്‍ സംസാരിക്കുകയായിരുന്നുവെന്നും അക്രമാസക്തനായിരുന്നില്ലെന്നും ഭാര്യ പറയുന്നുയ താന്‍ എത്ര നിര്‍ബന്ധിച്ചിട്ടും വീട്ടിലേക്ക് വരാന്‍ ഇയാള്‍ കൂട്ടാക്കിയില്ലെന്നും അവര്‍ പറഞ്ഞു. ഈ സമയത്ത് അതുവഴി കടന്നുപോയ ഒരു പൊലീസ് പട്രോളിംഗ് സംഘം സംഭവം ഗാര്‍ഹിക പീഡനമാണെന്ന് തെറ്റിദ്ധരിച്ചതായും വിഷയത്തില്‍ ഇടപെട്ടതായുമാണ് റിപ്പോര്‍ട്ട്.
ഗൗരവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് അമിതമായ ബലപ്രയോഗം നടത്തിയെന്നും തല റോഡിയും വാഹനത്തിനും ഇടിപ്പിച്ചെന്നും ഭാര്യ പറയുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് ബോധം നഷ്ടപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഭാര്യ പകര്‍ത്തികുകയും ചെയ്തു. തങ്ങള്‍ക്കിടയില്‍ പ്രശ്‌നമൊന്നുമില്ലെന്നും പങ്കാളിയെ വിട്ടയയ്ക്കണമെന്നും കൗര്‍ പൊലീസിനോട് കേണപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് അതിക്രമം തുടര്‍ന്നുവെന്നാണ് ഭാര്യ പറയുന്നത്. പൊലീസ് ഗൗരവിന്റെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തിയപ്പോള്‍ താന്‍ ശരിക്കും ഭയന്നുപോയെന്നും ഭാര്യ വ്യക്തമാക്കി. തുടര്‍ന്ന് ഇയാളെ റോയല്‍ അഡലെയ്ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലച്ചോറിനും കഴുത്തിലെ ഞരമ്പുകള്‍ക്കും ഗുരുതരമായി പരുക്കേറ്റതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും തന്റെ പങ്കാളി ഇപ്പോള്‍ കോമയിലാണെന്നും കൗര്‍ പറയുന്നു.
അതേസമയം, സൗത്ത് ഓസ്ട്രേലിയ പോലീസ് ഇക്കാര്യത്തില്‍ ഒരു ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ബോഡി-ക്യാം ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.