ഓപിയം പെര്‍ഫ്യൂമാണ്…മയക്കുമരുന്നല്ല…അമേരിക്കയില്‍ പുലിവാലുപിടിച്ച് ഇന്ത്യക്കാരന്‍; അറസ്റ്റ്, ജയില്‍, നാടുകടത്തല്‍ ഭീഷണി, ജീവിതം താറുമാറ് !

വാഷിംഗ്ടണ്‍ : അമേരിക്കന്‍ സംസ്ഥാനമായ അര്‍ക്കന്‍സാസില്‍ പൊലീസിന് സംഭവിച്ച തെറ്റുധാരണയില്‍ ജീവിതം താറുമാറായി ഇന്ത്യന്‍ വംശജന്‍. വാഹന പരിശോധനയ്ക്കിടെ ‘ഓപിയം’ പെര്‍ഫ്യൂം കുപ്പി പിടിച്ചെടുത്ത പൊലീസ് അത് യഥാര്‍ത്ഥ മയക്കുമരുന്നാണെന്ന് തെറ്റിധരിക്കുകയും യുവാവിനെതിരെ നിയമ നടപടി സ്വീകരിക്കുകയുമായിരുന്നു. കപില്‍ രഘു എന്ന ചെറുപ്പക്കാരനാണ് സമാനതകളില്ലാത്ത ദുരിതം അനുഭവിക്കേണ്ടി വന്നത്.

രഘുവിനെ മെയ് 3 ന് ചെറിയ ഗതാഗത നിയമലംഘനത്തിന് ബെന്റണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പതിവ് ഗതാഗത പരിശോധനയ്ക്കിടെ ‘ഓപിയം’ എന്ന് ലേബല്‍ ചെയ്ത പെര്‍ഫ്യൂം കുപ്പി നിയമവിരുദ്ധ മയക്കുമരുന്നാണെന്ന് ലോക്കല്‍ പൊലീസ് തെറ്റിദ്ധരിച്ചതിനെ തുടര്‍ന്നാണ് രഘുവിന്റെ ജീവിതം മാറി മറിഞ്ഞത്. തുടര്‍ന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) തടങ്കല്‍ കേന്ദ്രത്തിലേക്ക് യുവാവിനെ അയച്ചു. ജയില്‍ജീവിതം നയിച്ചപ്പോഴാണ് സംശയാസ്പദമായ കുപ്പിയില്‍ മയക്കുമരുന്നല്ല, പെര്‍ഫ്യൂമായിരുന്നുവെന്ന അര്‍ക്കന്‍സാസ് സ്റ്റേറ്റ് ക്രൈം ലാബിന്റെ റിപ്പോര്‍ട്ട് ലഭിച്ചത്. മോചനത്തിനായി വീണ്ടും മൂന്നുദിവസത്തോളം രഘുവിന് കാത്തിരിക്കേണ്ടി വന്നു. ഇപ്പോള്‍, രഘു നാടുകടത്തല്‍ ഭീഷണിയിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഒരു അമേരിക്കന്‍ പൗരയെ വിവാഹം കഴിച്ച് സ്ഥിരതാമസത്തിനായി ശ്രമിച്ചുകൊണ്ടിരുന്ന രഘുവിന് കടുത്ത വെല്ലുവിളിയാണ് കഴിഞ്ഞ സംഭവങ്ങള്‍.

അറസ്റ്റ് ഒരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും പിന്നീട് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിച്ചതായും രഘുവിന്റെ അഭിഭാഷകന്‍ മൈക്ക് ലോക്‌സ് പറഞ്ഞു. ഇയാളുടെ മോചനത്തിന് പിന്നാലെ, ഐ.സി.ഇ ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

അറസ്റ്റിലായി തടവിലിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ വീസ കാലഹരണപ്പെടുകയും ചെയ്തു. കുറ്റമവിമുക്തനായതിന് പിന്നാലെ, രേഖകള്‍ ശരിയാക്കാനുള്ള നെട്ടോട്ടത്തിലാണെന്ന് കപില്‍ രഘു പറയുന്നു.

രഘുവിനെതിരായ കുറ്റങ്ങള്‍ മെയ് 20ന് ജില്ല കോടതി ജഡ്ജ് ഔദ്യോഗികമായി ഒഴിവാക്കിയെങ്കിലും അമേരിക്കന്‍ പൗരനാകാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായതായി കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ആഴ്ച ഐസിഇയുടെ നിയമ ഓഫീസിലേക്ക് അയച്ച കത്തില്‍, തന്റെ മുന്‍ അഭിഭാഷകന്‍ കൃത്യസമയത്ത് രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് വിസ പ്രശ്നം ഉണ്ടായതെന്ന് രഘു വിശദീകരിച്ചു. ശരിയായ നിയമപരമായ മാര്‍ഗങ്ങളിലൂടെ തന്റെ പദവി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ച് കാത്തിരിക്കുകയാണ്.

More Stories from this section

family-dental
witywide