
പെൻസിൽവാനിയ: യു. എസിലെ പെൻസിൽവാനിയയിലുള്ള പിറ്റ്സ്ബർഗിൽ ഇന്ത്യൻ വംശജനായ മോട്ടൽ ഉടമയെ വെടിവച്ചു കൊന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. റോബിൻസൺ ടൗൺഷിപ്പിലെ പിറ്റ്സ്ബർഗ് മോട്ടൽ കൈകാര്യം ചെയ്തിരുന്ന 51 കാരനായ രാകേഷ് എഹാഗബൻ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റാൻലി യൂജിൻ വെസ്റ്റ് എന്ന 37കാരനാണ് പ്രതി.
യുഎസിലെ പെൻസിൽവാനിയ സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു നഗരമാണ് പിറ്റ്സ്ബർഗ്.
മോട്ടലിൻറെ പാർക്കിംഗ് ഏരിയയിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് വെടിവയ്പ്പിൽ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിനു മുമ്പ് സ്റ്റാൻലി യൂജിൻ മോട്ടൽ മാനേജരോട് സുഖമാണോ എന്ന് ചോദിക്കുകയും പിന്നാലെ വെടി ഉതിർക്കുകയുമായിരുന്നു. ഈ സംഭാഷണം മോട്ടലിന്റെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേടായ വാഷിംഗ് മെഷീനുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് ഡാളസിലെ ഒരു മോട്ടലിൽ ഭാര്യയുടെയും മകന്റെയും മുന്നിൽവെച്ച് 50 വയസ്സുള്ള ഒരു ഇന്ത്യൻ വംശജൻ ചന്ദ്രമൗലി നാഗമല്ലയ്യയെ തലയറുത്ത് കൊന്നതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് പുതിയ വെടിവയ്പ്പ് നടന്നിരിക്കുന്നത്.
പ്രതി രണ്ടാഴ്ചയായി സ്ത്രീയും ഒരു കുട്ടിയുമായി പിറ്റ്സ്ബർഗ് മോട്ടലിൽ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മോട്ടലിന്റെ പാർക്കിംഗ് സ്ഥലത്ത് വെച്ച് തോക്കുധാരി തന്റെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും വെടിവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് രാകേഷിനെ വെടിവെച്ചത്. ഗുരുതരാവസ്ഥയിലായ അവരെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിൻസീറ്റിലിരുന്ന കുട്ടിക്ക് പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മോട്ടലിൽ അതിഥിയായിരുന്ന സ്റ്റാൻലി യൂജിൻ ഇപ്പോൾ ക്രിമിനൽ കൊലപാതകം, നരഹത്യശ്രമം, മറ്റൊരാളെ അശ്രദ്ധമായി അപായപ്പെടുത്തൽ എന്നീ കുറ്റങ്ങൾ നേരിടുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് മുമ്പും ശേഷവുമുള്ള ഇയാളുടെ നീക്കങ്ങൾ കണ്ടെത്തുന്നതിന് നിരവധി നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.