
അമേരിക്കയിലെ പ്രശസ്ത സാങ്കേതികവിദ്യാ സ്ഥാപനമായ മാസാച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (MIT) പുതിയ പ്രൊവോസ്റ്റായി ഇന്ത്യൻ വംശജനായ പ്രൊഫസർ അനന്ത ചന്ദ്രകാസനെ നിയമിച്ചു. എം ഐ ടി യിൽ പ്രൊവോസ്റ്റാക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് അദ്ദേഹം ജൂലൈ ഒന്നുമുതലാണ് പ്രൊവോസ്റ്റ് സ്ഥാനം ഏറ്റെടുക്കുക.
പ്രസിഡന്റ് സാലി കോർൻബ്ലൂത്ത് പ്രൊവോസ്റ്റ് നിയമനം പ്രഖ്യാപിച്ചത്. എംഐടിയിലെ പ്രധാന ആളുകളിൽ നിന്ന് തെരഞ്ഞെടുത്തതാണ് അനന്ത ചന്ദ്രകാസനെ എന്നും സ്ഥാപനത്തിനായി പുതിയ നവീകരണ മാറ്റങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിൽ അദ്ദേഹം വിജയിക്കുകയും നേട്ടങ്ങൾ കൊയ്യുകയും ചെയ്തിട്ടുണ്ടെന്നും പ്രസിഡൻ്റ് പറഞ്ഞു.
ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് വലിയ അഭിമാനമാണ്. അധ്യാപകരും വിദ്യാർത്ഥികളും ഗവേഷകരും ജീവനക്കാരും അവരുടെ പ്രതിഭയെ ഉപയോഗിച്ച് രാജ്യത്തിനും ലോകത്തിനും വേണ്ടി വിശിഷ്ട സംഭാവനകൾ നടത്തുന്നതിന് പിന്തുണ നൽകുക എന്നതാണ് തൻ്റെ ലക്ഷ്യമെന്നും അനന്ത ചന്ദ്രകാസൻ പ്രതികരിച്ചു
ചെന്നൈയിൽ ജനിച്ച ചന്ദ്രകാസൻ നിലവിൽ എംഐടിയിലെ ചീഫ് ഇന്നോവേഷൻ ആൻഡ് സ്ട്രാറ്റജി ഓഫീസറും എഞ്ചിനിയറിംഗ് ഡീനുമായാണ് പ്രവർത്തിച്ചു വരുന്നത്.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ലിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിലും കമ്പ്യൂട്ടർ സയൻസിലുമുള്ള ബി.എസ്., എം.എസ്., പി.എച്ച്.ഡി നേടിയ അദ്ദേഹം എംഐടിയിൽ അധ്യാപകനായി ചേരുന്നതിന് മുമ്പ് മൈക്രോസിസ്റ്റംസ് ടെക്നോളജി ലബോറട്ടറീസ് ൻ്റെ ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു.
പ്രൊവോസ്റ്റ് നിയമനം ലഭിച്ച അനന്ത ചന്ദ്രകാസനെ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അഭിനന്ദിച്ചു. ഇന്ത്യ-അമേരിക്ക സാങ്കേതിക, ഗവേഷണ സഹകരണങ്ങൾക്ക് വേണ്ടി ശക്തമായി പ്രവർത്തിച്ച ഒരു പ്രമുഖ അക്കാദമിക് നേതാവാണ് അദ്ദേഹമെന്നും പുതിയ ചുമതലയിൽ അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നുവെന്നും ഇന്ത്യൻ കോൺസുലേറ്റ് പറഞ്ഞു. എംഐടിയുടെ ചീഫ് അക്കാദമിക് ആൻഡ് ബഡ്ജറ്റ് ഓഫീസറായ പ്രൊവോസ്റ്റിന് സ്ഥാപനത്തിലെ അധ്യാപകസംഘം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, തന്ത്രപ്രധാന പദ്ധതികൾ എന്നിവയുടെ മേൽനോട്ടം ഉൾപ്പെടുന്ന ചുമതലയാണുള്ളത്.











