
ന്യൂയോര്‍ക്ക്: ബഹാമാസിലെ അവധിക്കാല യാത്രയ്ക്കിടെ ഇന്ത്യൻ വംശജനായ യുഎസ് വിദ്യാർഥി ഗൗരവ് ജെയ്‌സിംഗ് (21)മരിച്ചു. ഞായറാഴ്ച ഹോട്ടൽ ബാൽക്കണിയിൽ നിന്ന് വീണാണ് മരണപ്പെട്ടത് എന്ന് അധികൃതർ അറിയിച്ചു. ബെന്റ്ലി യൂണിവേഴ്‌സിറ്റിയിലെ ഫിനാൻസ് ബിരുദ വിദ്യാർഥിയായിരുന്നു. ബിദുദദാന ചടങ്ങിന് ഒരാഴ്ച ശേഷിക്കയാണ് അപകട മരണം.
ഞായറാഴ്ച രാത്രി 10 മണിയോടെ അറ്റ്‌ലാന്റിസ് പാരഡൈസ് ഐലന്‍ഡ് റിസോര്‍ട്ട് ആന്‍ഡ് കാസിനോയിലാണ് ഗൗരവ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ ഗൗരവ് റൂംമേറ്റുകളോടൊപ്പം ഹോട്ടല്‍ മുറിയിലായിരുന്നുവെന്ന് റോയല്‍ ബഹാമാസ് പൊലീസ് പറഞ്ഞു. ബാല്‍ക്കെണിയില്‍ നിന്നും അബദ്ധത്തില്‍ വീണതെന്നാണ് പൊലീസ് ഭാഷ്യം.
എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് വേഗത്തിലെത്തുകയും ഗൗരവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്‌തെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ഗൗരവിന്റെ മരണത്തില്‍ ബെന്റ്‌ലി യൂണിവേഴ്‌സിറ്റി ദുഖം രേഖപ്പെടുത്തി. ഗൗരവ് ഡെല്‍റ്റ സിഗ്മ പൈ ബിസിനസ് ഫ്രറ്റേണിറ്റിയിലും സൗത്ത് ഏഷ്യന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനിലും അംഗമായിരുന്നു. 2024 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ അദ്ദേഹം ഫ്രറ്റേണിറ്റിയുടെ പ്ലെഡ്ജ് കോര്‍ഡിനേറ്ററായിരുന്നു. ബെന്റ്‌ലിയിലേക്ക് പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ സഹായിച്ചുകൊണ്ട് അദ്ദേഹം ഒരു ഓറിയന്റേഷന്‍ ലീഡറായും ക്യാമ്പസ് ടൂര്‍ ഗൈഡായും പ്രവര്‍ത്തിച്ചു.
മസാച്യുസെറ്റ്‌സിലെ ഷ്രൂസ്ബറി സ്വദേശിയായ ഗൗരവിന്റെ കുടുംബം 2018 ലാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്.












