
വാഷിംഗ്ടണ്‍: ഹമാസ് ബന്ധം ആരോപിച്ച് ടെക്‌സസിലെ ഒരു യുഎസ് ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ ഏകദേശം രണ്ട് മാസത്തെ തടങ്കലില്‍ കഴിഞ്ഞതിന് ശേഷം, ഇന്ത്യന്‍ ഗവേഷകന്‍ ബദര്‍ ഖാന്‍ സൂരി കഴിഞ്ഞ ദിവസമാണ് മോചിതനായത്.
ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ അദ്ദേഹം താന്‍ തടവില്‍ കഴിഞ്ഞ ഭീകരമായ സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത് ഇതിനകം ഇന്ത്യന്‍ സമൂഹത്തില്‍ ഞെട്ടലുണ്ടാക്കി.
ടെക്‌സസിലെ ഒരു യുഎസ് ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ ഏകദേശം രണ്ട് മാസത്തെ തടങ്കലില്‍ കഴിഞ്ഞ ബദര്‍ ഖാന്‍ സൂരിയെ ആദ്യ ദിനങ്ങളിലൊക്കെയും ചടങ്ങലയാല്‍ ബന്ധിച്ചിരിക്കുകയായിരുന്നു.
‘ആദ്യത്തെ ഏഴ്, എട്ട് ദിവസങ്ങളില്‍, എനിക്ക് എന്റെ നിഴല്‍ പോലും നഷ്ടമായി. കാഫ്‌കേസ്‌ക്യൂ ആയിരുന്നു അത്, അവര്‍ എന്നെ എവിടെ കൊണ്ടുപോയി, എന്നോട് എന്താണ് ചെയ്തത്. എന്നെ ചങ്ങലയില്‍ ബന്ധിച്ചിരുന്നു – എന്റെ കണങ്കാലുകള്‍, എന്റെ കൈത്തണ്ട, എന്റെ ശരീരം. എല്ലാം ചങ്ങലയില്‍ ബന്ധിക്കപ്പെട്ടിരുന്നു.’- അദ്ദേഹത്തിന്റെ വാക്കുകള്‍.
പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആയ ബദര്‍ ഖാന്‍ സൂരിയെ മാര്‍ച്ചില്‍ വിര്‍ജീനിയയിലെ തന്റെ വീട്ടില്‍ വെച്ച് ഹമാസുമായി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനത്തിലൂടെ ഹമാസിനെ പിന്തുണച്ചതായി ആരോപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി വിസ റദ്ദാക്കി. തുടര്‍ന്ന് നടന്ന നിയമപോരാട്ടത്തിനൊടുവില്‍ യുഎസ് ജില്ലാ ജഡ്ജി പട്രീഷ്യ ഗൈല്‍സ് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നാണ് ഫെഡറല്‍ കസ്റ്റഡിയില്‍ നിന്ന് ബദര്‍ ഖാന്‍ സൂരി മോചിതനായത്.