ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലേക്ക് പോയവിമാനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ അതിക്രമം; രണ്ടുപേരെ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിച്ചു, അറസ്റ്റ്

വാഷിംഗ്ടണ്‍ : ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ അതിക്രമം കാട്ടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റുചെയ്തു. ലുഫ്താന്‍സ വിമാനത്തില്‍ (എല്‍എച്ച് 431) രണ്ട് കൗമാരക്കാരെ മെറ്റല്‍ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിച്ച ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളി (28) ആണ് യുഎസില്‍ അറസ്റ്റിലായിരിക്കുന്നത്. യാത്രക്കാരെ ആക്രമിച്ചതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ട് ബോസ്റ്റണില്‍ അടിയന്തരമായി ഇറക്കുകയായും വിദ്യാര്‍ത്ഥിയെ എഫ്ബിഐ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഈ മാസം 25നായിരുന്നു സംഭവം.

വിമാനം ഷിക്കാഗോ ഓഹേര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്തിനുള്ളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഭക്ഷണവിതരണത്തിന് ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന 17 വയസ്സുള്ള ഒരു കൗമാരക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഉസിരിപ്പള്ളി അടുത്ത് നില്‍ക്കുന്നത് കണ്ടു. പ്രകോപനമില്ലാതെ, ഇയാള്‍ കൗമാരക്കാരന്റെ തോളെല്ലിന്റെ ഭാഗത്ത് മെറ്റല്‍ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തിരുന്ന 17 വയസ്സുകാരന് നേരെ തിരിഞ്ഞ ഉസിരിപ്പള്ളി, അതേ ഫോര്‍ക്ക് ഉപയോഗിച്ച് തലയുടെ പിന്‍ഭാഗത്ത് കുത്തി.

ഏറെ ശ്രമകരമായാണ് വിമാന ജീവനക്കാര്‍ ഇയാളെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് പൈലറ്റുമാര്‍ വിമാനം അടിയന്തരമായി മാസച്യുസിറ്റ്സിലെ ബോസ്റ്റണ്‍ ലോഗന്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ലാന്‍ഡ് ചെയ്ത ഉടനെ എഫ്ബിഐ, മാസച്യുസിറ്റ്സ് സ്റ്റേറ്റ് പൊലീസ് എന്നിവരുടെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

Indian student assaulted two people with a fork on a flight from Chicago to Germany.