യുഎസ് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കൈവിലങ്ങ് വെച്ച് നിലത്ത് കിടത്തി, നാടുകടത്തി; വീഡിയോയും ചിത്രങ്ങളും പുറത്ത്

വാഷിംഗ്ടണ്‍: യുഎസിലെ ഒരു വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ കൈവിലങ്ങ് വെച്ച് നിലത്ത് കിടത്തുന്നതിന്‍റെ വീ‍ഡിയോ പുറത്ത്. വിദ്യാര്‍ത്ഥിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തതായി സംഭവത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് അവകാശപ്പെട്ടു. കഴിഞ്ഞ രാത്രി നെവാർക്ക് വിമാനത്താവളത്തിൽ നിന്ന് ഒരു യുവ ഇന്ത്യൻ വിദ്യാർത്ഥിയെ നാടുകടത്തുന്നത് ഞാൻ കണ്ടുവെന്നാണ് കുറിപ്പിൽ പറയുന്നത്. കൈവിലങ്ങണിയിച്ച്, ഒരു കുറ്റവാളിയെപ്പോലെയാണ് അവനെ പരിഗണിച്ചത്. അവൻ സ്വപ്നങ്ങളെ പിന്തുടർന്നാണ് വന്നത്, ഉപദ്രവിക്കാനല്ല. ഒരു എൻആർഐ എന്ന നിലയിൽ എനിക്ക് നിസ്സഹായതയും ഹൃദയഭേദകവുമായിരുന്നു ഈ അനുഭവം. ഇത് ഒരു മാനുഷിക ദുരന്തമാണ് എന്നും പോസ്റ്റിൽ പറയുന്നുണ്ട്. ആ വിദ്യാർത്ഥി ഹരിയാൻവി ഭാഷയിൽ സംസാരിക്കുകയായിരുന്നു, താൻ ഭ്രാന്തനല്ലെന്നും എന്നാൽ അധികാരികൾ തന്നെ അങ്ങനെ വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്നും അവൻ ആവർത്തിച്ച് പറഞ്ഞിരുന്നുവെന്നും സോഷ്യൽ സംരംഭകനായ കുനാൽ ജെയിൻ പറയുന്നു.

“ഈ കുട്ടികൾക്ക് വിസ ലഭിച്ച് രാവിലെ വിമാനത്തിൽ കയറുന്നു. ചില കാരണങ്ങളാൽ, ഇമിഗ്രേഷൻ അധികാരികളോട് അവരുടെ സന്ദർശന കാരണം വിശദീകരിക്കാൻ അവർക്ക് കഴിയാതെ വരികയും, കുറ്റവാളികളെപ്പോലെ കെട്ടിയിട്ട് വൈകുന്നേരത്തെ വിമാനത്തിൽ തിരിച്ചയക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും 3-4 ഇത്തരം കേസുകൾ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൂടുതൽ ഇത്തരം കേസുകളുണ്ടായിട്ടുണ്ട്,” – കുനാല്‍ ജെയിൻ പറഞ്ഞു. ഈ വിഷയത്തിൽ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇടപെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ന്യൂജേഴ്സി അധികാരികളുമായി ബന്ധപ്പെട്ട് അവന് എന്തുപറ്റിയെന്ന് ആരെങ്കിലും കണ്ടെത്തണം. അവനെ എനിക്ക് ആശയക്കുഴപ്പത്തിലായ നിലയിലാണ് കണ്ടെത്തിയതെന്നും അദ്ദേഹം എഴുതി. സോഷ്യൽ മീഡിയ പോസ്റ്റുകളെ അടിസ്ഥാനമാക്കി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഈ വിഷയം ശ്രദ്ധയിൽപ്പെടുകയും പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide