
വാഷിംഗ്ടണ്‍: മുതിർന്ന പൗരന്മാരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ടെക്സസിലെ ഇന്ത്യൻ വിദ്യാർത്ഥിക്ക് 97 മാസം തടവ് ശിക്ഷ. ധ്രുവ് രാജേഷ്ഭായ് മങ്കൂക്കിയ എന്ന 21 വയസുകാരനായ ഇന്ത്യൻ വിദ്യാർത്ഥിക്കാണ് മണി ലോണ്ടറിംഗ് ഗൂഢാലോചന കുറ്റത്തിന് 97 മാസം (എട്ട് വർഷത്തിലധികം) തടവും 2,515,780 ഡോളർ (ഏകദേശം 20.9 കോടി രൂപ) നഷ്ടപരിഹാരവും ശിക്ഷ വിധിച്ചത്. വയോജനങ്ങളെ ലക്ഷ്യമിട്ട്, സ്വർണം, പണം എന്നിവ തനിക്കോ തന്‍റെ ഇന്ത്യൻ സഹപ്രവർത്തകനോ നൽകാൻ നിർബന്ധിക്കുന്ന സങ്കീർണ്ണമായ ഒരു തട്ടിപ്പാണ് ഇവർ നടത്തിയത്. കേസിൽ സഹപ്രവർത്തകനായ കിഷൻ രാജേഷ്കുമാർ പട്ടേലിന് ജൂണിൽ 63 മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചിരുന്നു.
സർക്കാർ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ഫോൺ വഴി വയോജനങ്ങളെ ബന്ധപ്പെട്ടാണ് മങ്കൂക്കിയയും പട്ടേലും തട്ടിപ്പിന് ഇരയാകുന്നവരെ കണ്ടെത്തിയത്. ഒരു അന്വേഷണം പരിഹരിക്കാനോ സാമ്പത്തിക നഷ്ടം തടയാനോ പണം, സ്വർണം, മറ്റ് വസ്തുക്കൾ എന്നിവ നിക്ഷേപിക്കേണ്ടതുണ്ട് എന്ന് ഇവർ ഇരകളോട് പറഞ്ഞു. തുടർന്ന് ഒരു കൊറിയർ വഴി ഇരയുടെ വീട്ടിൽ നിന്നോ അല്ലെങ്കിൽ പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളുടെ പാർക്കിംഗ് സ്ഥലങ്ങളിൽ നിന്നോ നിക്ഷേപങ്ങൾ കൈപ്പറ്റാൻ ആവശ്യപ്പെടും.
മറ്റൊരു കേസിൽ, ഒരു വയോധികയെ ആമസോൺ തട്ടിപ്പ് വകുപ്പിൽ നിന്നുള്ളവരാണെന്ന് പറഞ്ഞ് ഇവർ ബന്ധപ്പെട്ടു. അവരുടെ സോഷ്യൽ സെക്യൂരിറ്റി നമ്പർ മോഷ്ടിക്കപ്പെട്ടു എന്നും അവരുടെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട് എന്നും ഈ അക്കൗണ്ടുകൾ മണി ലോണ്ടറിംഗ് പദ്ധതിക്ക് ഉപയോഗിച്ചു എന്നും അവർ പറഞ്ഞു. ഈ ‘തട്ടിപ്പിൽ’ നിന്ന് പേര് ഒഴിവാക്കാൻ 30,000 ഡോളർ നൽകാൻ സ്ത്രീയോട് ആവശ്യപ്പെട്ടു. പട്ടേലിനെ അറസ്റ്റ് ചെയ്യുകയും ഫോണുകൾ പരിശോധിക്കുകയും ചെയ്തതിൽ, പട്ടേലും മങ്കൂക്കിയയും തമ്മിലുള്ള സന്ദേശങ്ങൾ കണ്ടെത്തി. കൂടാതെ ‘ഹണ്ടർ’, ‘മാസ്റ്റർ’ എന്ന് ലേബൽ ചെയ്ത മറ്റ് രണ്ട് വ്യക്തികളുമായും സന്ദേശങ്ങൾ ഉണ്ടായിരുന്നു. 2024 ഡിസംബർ 5-ന് ന്യൂജേഴ്‌സിയിലെ വസതിയിൽ വെച്ച് മങ്കൂക്കിയ അറസ്റ്റിലായി.











