
വാഷിംഗ്ടണ്‍: ഫെഡറൽ സ്റ്റുഡന്‍റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാമിനു കീഴിൽ വിദേശീയരായ വിദ്യാർത്ഥികളെ ചേർക്കാനുള്ള ഹാർവാർഡ് സർവകലാശാലയുടെ അധികാരം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം പിൻവലിച്ചിരുന്നു. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഏകദേശം 800 വിദ്യാർത്ഥികൾ ഉൾപ്പെടെ ഹാർവാഡിലെ ഏകദേശം 6,800 വിദേശ വിദ്യാർത്ഥികളാണ് ആശങ്കയിലായിട്ടുള്ളത്. ഹാർവാർഡിൽ ഓരോ വർഷവും 500 മുതൽ 800 വരെ ഇന്ത്യൻ വിദ്യാർത്ഥികളും ഗവേഷകരുമാണ് ചേരുന്നത്. നിലവിൽ 788 ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുമുണ്ട്. ഇതിൽ ഭൂരിഭാഗവും ബിരുദം കഴിഞ്ഞുള്ള തുടർ പഠന പ്രോഗ്രാമുകളാണ്.
ട്രംപ് ഭരണകൂടത്തിന്‍റെ ഈ കടുത്ത നടപടിയോടെ ഈ ഇന്ത്യൻ വിദ്യാര്‍ത്ഥികളെല്ലാം പ്രതിസന്ധിയിലായിട്ടുണ്ട്. അമേരിക്കയിൽ നിയമപരമായി തുടരാനാണ് ആഗ്രഹിക്കുന്നുവെങ്കിൽ ഇനി മറ്റൊരു എസ്ഇവിപി സർട്ടിഫൈഡ് സ്ഥാപനത്തിലേക്ക് മാറണം. അതിന് കഴിഞ്ഞില്ലെങ്കില്‍ വിസ ക്യാൻസൽ ചെയ്ത് നാടുകടത്തുകയും ചെയ്യും. ഇത് കൂടാതെ ഡോക്ടറൽ, മൾട്ടി-ഇയർ ഗ്രാജുവേറ്റ് പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാകട്ടെ ഇങ്ങനെ മാറിയാൽ തന്നെ അക്കാദമിക് ഇയർ പ്രശ്നം മറ്റൊരു പ്രതിസന്ധിയാണ്. ഇതോടെ എന്തു ചെയ്യണമെന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക.