യുഎസിൽ മോഷണ ശ്രമത്തിനിടെ ഇന്ത്യൻ യുവതി പിടിക്കപ്പെട്ടു; ഇനി ഈ പ്രവൃത്തി ചെയ്താൽ യുഎസിലേക്കൊരു തിരിച്ച് വരവില്ലെന്ന് പോലീസ്

മോഷണ ശ്രമത്തിനിടെ ഇന്ത്യൻ യുവതിയെ അറസ്റ്റ് ചെയ്ത് യുഎസ് പൊലീസ്. യുഎസിലെ ഒരു ടാർഗറ്റ് സ്റ്റോറില്‍ നിന്നും സാധനങ്ങളുമായി കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരിയെയാണ് യുഎസ് പോലീസ് അറസ്റ്റ് ചെയ്തത്. ടാര്‍ഗറ്റ് സ്റ്റോറില്‍ നിന്നും സാധനങ്ങൾ മോഷ്ടിക്കാന്‍ ശ്രമിച്ചത് മറിച്ച് വില്‍ക്കാനാണെന്നും പോലീസിനോട് സമ്മതിച്ച ഇവരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ബോഡിക്യാം പോലീസ് തന്നെ പുറത്ത് വിട്ടു.

ജനുവരി 15 ന് നടന്ന സംഭവത്തിന്‍റെ വീഡിയോ സെപ്തംബര്‍ നാലിനാണ് യൂട്യൂബിലൂടെ പോലീസ് പുറത്ത് വിടുന്നത്. വീഡിയോയില്‍ ഇവര്‍ ടാർഗറ്റ് സ്റ്റോറിൽ നിന്നും ഒരു ട്രോളി നിറച്ചും സാധനങ്ങളുമായി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതും ഇതിനിടെ ഇവരോട് നില്‍ക്കാന്‍ പറയുന്നതും കേൾക്കാം.
യുഎസ് പോലീസിന്‍റെ ബോഡിക്യാം ദൃശ്യങ്ങളില്‍ പോലീസ് ചോദ്യം ചെയ്യുമ്പോൾ യുവതി കരയുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും കാണാം. ഇവര്‍ പോലീസിനോട് കൈകൂപ്പി കരഞ്ഞ് കൊണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാം.

ഇംഗ്ലീഷ് സംസാരിക്കുമോ എന്ന ചോദ്യത്തിന്, “അത്ര നല്ലതല്ല” എന്ന് അവർ മറുപടി പറയുകയും തുടർന്ന് പോലീസ് അവരുടെ മാതൃഭാഷയെ കുറിച്ച് ചോദിച്ചു, അത് ഗുജറാത്തിയാണെന്ന് അവർ പറയുന്നു. അതെവിടെ എന്ന് ചോദിക്കുമ്പോഴാണ് ഇന്ത്യയെന്ന് യുവതി പ്രതികരിച്ചത്. തുടർന്ന് അവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് പോലീസ് ചോദിക്കുന്നുണ്ട്. മോഷ്ടിച്ചത് എന്തിനെന്ന് ചോദിക്കുമ്പോഴും കരച്ചിൽ മാത്രമായിരുന്നു യുവതിയുടെ പ്രതികരണം. പിന്നീട് ചില സാധനങ്ങൾ മറിച്ച് വിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

യഥാര്‍ത്ഥ വിവരങ്ങൾ നല്‍കിയാൽ ജയിലില്‍ കൊണ്ട് പോകില്ലെന്നും എന്നാല്‍ കോടതിയില്‍ പോകേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുമ്പോൾ അവര്‍ കടയിലെ ഒരു സ്ഥിരം ഉപഭോക്താവാണെന്നും ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവര്‍ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ചെയ്തവരെ നാടുകടത്തുമെന്നും പിന്നീടൊരിക്കലും യുഎസിലേക്ക് തിരിച്ച് വരാന്‍ പറ്റില്ലെന്നും തുടർന്ന് അവരെ പോകാൻ പൊലീസ് അനുവദിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെ നിരവധി കമൻ്റുകളാണ് വരുന്നത്. ഇത്തരത്തിലുള്ള ഒന്നോ രണ്ടോ പേരാണ് ഇന്ത്യക്കാരെ മൊത്തം ചീത്ത കേൾപ്പിക്കുന്നതെന്നും വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നത് ഇത്തരം കാര്യങ്ങൾ കൊണ്ടാണെന്നും കമൻ്റുകളുണ്ട്. രണ്ട് മാസം മുമ്പും സമാനമായൊരു കേസ് യുഎസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നും മോഷണം നടത്തിയതിന് ഒരു ഇന്ത്യക്കാരിയെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

More Stories from this section

family-dental
witywide