
വാഷിംഗ്ടൺ: യുഎസിൽ ഉണ്ടായ വാഹനാപകടത്തിൽ കോമയിൽ കഴിയുന്ന ഇന്ത്യൻ പെൺകുട്ടിക്ക് സഹായഹസ്തവുമായി ഇന്ത്യൻ സമൂഹം. നവംബർ 9നാണ് സാൻ ജോസിൽ താമസിക്കുന്ന ആർതി സിംഗിന് അപകടമുണ്ടായത്. ഒരു പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആർതി വീടിനടുത്തുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു വാഹനം ഇടിച്ചിടുകയായിരുന്നു
അപകടത്തെത്തുടർന്ന് സാന്താ ക്ലാര വാലി മെഡിക്കൽ സെന്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ യുവതി കോമയിൽ തുടരുകയാണ്. പെൺകുട്ടിയെ അടിയന്തര ശത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ആർതിയുടെ പിതാവ് മാത്രമാണ് നിലവിൽ ഒപ്പമുള്ളത്. മകളുടെ അവസ്ഥകണ്ട് തളർന്നുപോയ പിതാവിന് വലിയ പിന്തുണയാണ് ഇന്ത്യൻ സമൂഹം നൽകിവരുന്നത്. “എന്റെ മകൾ ഇപ്പോഴും കണ്ണുകൾ തുറക്കുന്നില്ല. അവൾ എന്നെ കേൾക്കുമെന്ന് പ്രതീക്ഷിച്ച് ഞാൻ എല്ലാ ദിവസവും അവളോട് സംസാരിക്കുന്നു. എനിക്ക് ഇവിടെ ആരുമില്ല – അവൾ മാത്രം, അവൾ ഉണരുമെന്ന പ്രതീക്ഷയും,” പിതാവ് സുമിരാൻ സിംഗ് ദുഖം പങ്കുവെച്ചു.
അപകടമുണ്ടാക്കിയ വാഹനത്തെക്കുറിച്ചോ വ്യക്തിയേക്കുറിച്ചോ സാൻ ജോസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും പിതാവ് പരാതിപ്പെടുന്നു. ഡ്രൈവർ 50 വയസ്സ് പ്രായമുള്ള ആളാണെന്നും അപകട സമയത്ത് അദ്ദേഹത്തിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്നും മാത്രമാണ് തനിക്ക് ലഭിച്ച വിവരമെന്നും സിംഗ് പറഞ്ഞു.
നിലവിൽ ഇവർക്കൊപ്പം ബന്ധുക്കളോ മറ്റു കുടുംബാംഗങ്ങളോ ഇല്ലെന്നും ചികിത്സാ ചിലവടക്കം കണ്ടെത്താൻ ഇദ്ദേഹം പാടുപെടുകയാണെന്നും മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. വടക്കൻ കാലിഫോർണിയയിൽ സജീവമായ ഒരു കമ്മ്യൂണിറ്റി ഗ്രൂപ്പായ ഓവർസീസ് ഓർഗനൈസേഷൻ ഫോർ ബെറ്റർ ബിഹാർ (O2B2) അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഉടൻ തന്നെ അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഇടപെട്ടു.
“ഇത് ഓരോ മാതാപിതാക്കളുടെയും പേടിസ്വപ്നമാണ്, സിംഗ് ഇവിടെ കുടുംബ പിന്തുണയില്ലാതെ ഒറ്റയ്ക്കാണ്. അദ്ദേഹം ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു, അത് ഇല്ലാതാക്കാൻ ഞങ്ങളുടെ സമൂഹം സാധ്യമായതെല്ലാം ചെയ്യുന്നു. ആശുപത്രി മീറ്റിംഗുകളിലും ഓഫീസുകളിലും ഏജൻസികളിലും ഞങ്ങളുടെ പ്രതിനിധികൾ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. താമസം, ഗതാഗതം, ഭക്ഷണം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവയ്ക്കായി ഒരു ഫണ്ട്‌റൈസിംഗ് കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്”- ഒരു O2B2 വക്താവ് പറഞ്ഞു.
ജില്ലാ അറ്റോർണി ഓഫീസിൽ ഈ വിഷയം ഉന്നയിക്കുന്നതിനൊപ്പം കുടുംബത്തിന് പിന്തുണ നൽകാനും കമ്മ്യൂണിറ്റി നേതാവ് അജയ് ഭൂട്ടോറിയയും ഇടപെടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
കാലിഫോർണിയയടക്കം നിരവധി യുഎസ് നഗരങ്ങളിൽ കാൽനടയാത്രക്കാർക്ക് അപകടങ്ങൾ വർദ്ധിച്ചുവരുന്നുണ്ടെന്നും ഇത് കടുത്ത ആശങ്കയുയർത്തുന്നുവെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
Indian woman in coma after being hit by vehicle while crossing road in US; Indian community extends help















