
ന്യൂഡൽഹി: കഴിഞ്ഞ ദിവസം യുഎസിലെ വ്യാപാരസ്ഥാപനത്തിൽ മോഷണശ്രമത്തിനിടെ ഇന്ത്യൻ വനിത പിടിയിലായതിന് പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി. യുഎസിൽ അക്രമം, മോഷണം തുടങ്ങിയവ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ നിയമപ്രശ്‌നങ്ങൾ മാത്രമല്ല വിസ റദ്ദാക്കുന്നതിനും കാരണമാകുമെന്ന് യുഎസ് എംബസി പറഞ്ഞു. ഇത്തരം കൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഭാവിയിൽ യുഎസ് വിസയ്ക്ക് അയോഗ്യരാകുമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ട്.
കഴിഞ്ഞദിവസമാണ് ഇല്ലിനോയിലെ ‘ടാർഗറ്റ്’ സ്റ്റോറിൽ നിന്ന് മോഷണശ്രമത്തിനിടെ ഇന്ത്യക്കാരി പിടിയിലായെന്ന വാർത്ത പുറത്തുവന്നത്. മേയ് ഒന്നാം തീയതിയായിരുന്നു സംഭവം. ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ബോഡിക്യാം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.1300 ഡോളർ വിലവരുന്ന (ഏകദേശം 1.11 ലക്ഷം രൂപ) വസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് ഇന്ത്യൻ വനിതയ്ക്കെതിരേയുള്ള ആരോപണം.
ഏഴുമണിക്കൂറോളം സ്ഥാപനത്തിനുള്ളിൽ ഇവർ ചുറ്റിത്തിരിയുന്നത് ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. ഓരോ സാധനങ്ങൾ എടുക്കുന്നതും പിന്നീട് ഫോണിൽ എന്തോ പരിശോധിക്കുന്നതും ജീവനക്കാർ കണ്ടിരുന്നു. പിന്നീട് സാധനങ്ങളുമായി പണമടയ്ക്കാതെ പുറത്തേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സ്ത്രീയെ ജീവനക്കാർ തടഞ്ഞുവെച്ചത്. പിടിക്കപ്പെട്ടതോടെ പണം നൽകി സംഭവം ഒത്തുതീർപ്പാക്കാൻ സ്ത്രീ ശ്രമിച്ചെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ക്ഷമിക്കണമെന്നും താൻ ഈ രാജ്യത്തുള്ള ആളല്ലെന്നും ഇവിടെ താമസമാക്കാൻ പോകുന്നില്ലെന്നുമാണ് സ്ത്രീ പറഞ്ഞപ്പോൾ ഇന്ത്യയിൽ സാധനങ്ങൾ മോഷ്ടിക്കാൻ നിങ്ങൾക്ക് അനുവാദമുണ്ടോയെന്നും താൻ അങ്ങനെ കരുതുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥ ഇവർക്ക് മറുപടി നൽകുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു. സ്ഥാപനത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീയെ കൈയിൽ വിലങ്ങണയിച്ചാണ് പോലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.