ഷിക്കാഗോയില്‍ പൊലീസുദ്യോഗസ്ഥനായ ഭര്‍ത്താവ് തന്റെ രേഖകള്‍ കൈക്കലാക്കി, നിരന്തരം പീഡിപ്പിച്ചു, അമേരിക്കയിലേക്ക് കടന്നു-വിദേശകാര്യ മന്ത്രിയുടെ സഹായം തേടി ഇന്ത്യന്‍ യുവതി

ന്യൂഡല്‍ഹി : ഷിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും തന്റെ ഔദ്യോഗിക രേഖകള്‍ കൈക്കലാക്കി അമേരിക്കയിലേക്ക് പോയെന്നും പരാതിയുമായി ഹൈദരാബാദില്‍ നിന്നുള്ള 25 വയസ്സുകാരി. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതുകയും ചെയ്തു ഇവര്‍.

ഭര്‍ത്താവായ മുഹമ്മദ് സൈന്‍ ഉദ്ദീന്‍ തന്റെ നിയമപരമായ രേഖകള്‍ ബലമായി കൈക്കലാക്കി യുഎസിലേക്ക് പോയെന്നും ഇതോടെ താന്‍ ഇന്ത്യയില്‍ തുടരേണ്ട സ്ഥിതിയാണെന്നും ഹന അഹമ്മദ് ഖാന്‍ പറയുന്നു. 2022 ജൂണ്‍ 22-നാണ് ഇരുവരും വിവാഹിതരായത്. തൊട്ടുപിന്നാലെ യുഎസിലേക്ക് മടങ്ങിയ ഭര്‍ത്താവ് ഏകദേശം രണ്ട് വര്‍ഷത്തേക്ക് തന്നെ കൂടെക്കൂട്ടിയില്ലെന്നും യുവതി പറയുന്നു. ‘ഏറെ ശ്രമങ്ങള്‍ക്കു ശേഷം 2024 ഫെബ്രുവരി 17-ന് താന്‍ യുഎസിലേക്ക് പോയി. അവിടെ എത്തിയപ്പോള്‍ മുതല്‍ ഭര്‍ത്താവ് തുടര്‍ച്ചയായി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ്. എല്ലാം ശരിയാകുമെന്ന് കരുതി കുറേയൊക്കെ സഹിച്ചു. എന്നാല്‍ ഭര്‍ത്താവ് പീഡിപ്പിക്കുന്നത് തുടര്‍ന്നു. സഹിക്കാനാവാതെ ഒരു ഘട്ടത്തില്‍ പരാതിപ്പെടാന്‍ പൊലീസുകാരെ വിളിച്ചുവരുത്തുക പോലും ചെയ്തു. എന്നാല്‍ ‘പൊലീസുകാര്‍ അദ്ദേഹത്തെ താക്കീതുചെയ്ത് വിട്ടയച്ചു,’ അവര്‍ പറഞ്ഞു.

തനിക്ക് സാമൂഹിക സുരക്ഷാ കാര്‍ഡും ഗ്രീന്‍ കാര്‍ഡും ലഭിച്ചതിനുശേഷം, തന്റെ എതിര്‍പ്പ് വകവയ്ക്കാതെ ഭര്‍ത്താവ് വിവാഹമോചന നടപടികള്‍ ആരംഭിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും അവര്‍ ആരോപിച്ചു.

ഒരിക്കല്‍ ഇന്ത്യയിലേക്ക് പോയി മാതാപിതാക്കളെ കണ്ടിട്ട് സൗദി അറേബ്യയില്‍ ഒരു ഉംറയ്ക്ക് പോകാമെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇതനുസരിച്ച് ഇന്ത്യയിലെത്തിയ അവര്‍ താമസത്തിനായി ഒരു ഹോട്ടലില്‍ മുറി എടുത്തു. തന്നോട് കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടു. താന്‍ പോയതിനു പിന്നാലെ ഭര്‍ത്താവ് ചെക്ക് ഔട്ട് ചെയ്ത് വിമാനത്താവളത്തിലേക്ക് പോയിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് ഹോട്ടലില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു. ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍, പാസ്പോര്‍ട്ട്, ഗ്രീന്‍ കാര്‍ഡ്, തന്റെ ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളെല്ലാം നഷ്ടപ്പെട്ടതായി കണ്ടെത്തി- അവര്‍ വിദേശകാര്യ മന്ത്രിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു. ഭര്‍ത്താവിനെതിരായ കേസ് നിയമപരമായി നേരിടാനും തന്റെ രേഖകള്‍ വീണ്ടെടുക്കാനും യുഎസിലേക്ക് മടങ്ങാന്‍ വിദേശകാര്യ മന്ത്രിയുടെ സഹായം തേടിയാണ് കത്ത് നല്‍കിയിരിക്കുന്നത്.

താന്‍ ഹൈദരാബാദിലെ യുഎസ് കോണ്‍സുലേറ്റില്‍ പോയെങ്കിലും കാര്യമായ സഹായം ലഭിച്ചില്ലെന്നും അഞ്ച് മാസത്തോളമായി താന്‍ കഷ്ടപ്പെടുകയാണെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ വിവാഹത്തിന് കുടുംബം 20 ലക്ഷം രൂപ ചെലവഴിച്ചതായും സ്ത്രീധനമായി ആവശ്യപ്പെട്ട സ്വര്‍ണ്ണവും സമ്മാനങ്ങളും നല്‍കിയതായും പൊലീസില്‍ നല്‍കിയ പരാതിയിലും യുവതി ആരോപിച്ചു.

അതേസമയം, ആരോപണങ്ങളെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവില്‍ നിന്നും ഔദ്യോഗികമായി ഒരു പ്രതികരണവും വന്നിട്ടില്ല. എന്നാല്‍ ദമ്പതികള്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ വേര്‍പിരിഞ്ഞുവെന്നും യുഎസില്‍ വിവാഹമോചന നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയിലെയും യുഎസിലെയും അധികാരികള്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide