അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിന് പൊലീസില്‍ നിന്ന് ക്രൂര പീഡനം : വിശദമായി അന്വേഷിക്കുകയാണെന്നാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ന്യൂയോര്‍ക്ക്: ലോക മനസാക്ഷിയെത്തന്നെ ഞെട്ടിച്ച് അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിന് പൊലീസില്‍ നിന്ന് ഉണ്ടായ ക്രൂര പീഡനത്തില്‍ പ്രതികരിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. നേവര്‍ക്ക് ലിബര്‍ട്ടി വിമാനത്താവളത്തിനുള്ളില്‍ ഒരു ഇന്ത്യന്‍ യുവാവിനെ നിലത്തിട്ട് കൈകള്‍ പിന്നില്‍ ബന്ധിക്കുന്ന എയര്‍പോര്‍ട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചത്. ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ കോണ്‍സുലേറ്റ് കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

സംഭവം നേരില്‍ കണ്ട സംരംഭകന്‍ കുനാല്‍ ജെയിനാണ് എക്സില്‍ ദൃശ്യം പങ്കുവച്ചത്. ഇതോടെ ദൃശ്യങ്ങള്‍ വൈറലാകുകയും വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

യുവാവിനെ പൊലീസുകാര്‍ ക്രിമിനലിനെപ്പോലെ വിലങ്ങണിയിച്ച് കീഴ്‌പ്പെടുത്തി നിലത്തു കിടത്തിയിരിക്കുന്നതാണ് വീഡിയോയിലുള്ളത്. നേവര്‍ക്ക് വിമാനത്താവളത്തില്‍ നാടുകടത്താന്‍ എത്തിച്ച ചെറുപ്പക്കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണിതെന്നാണ് കുനാല്‍ പറഞ്ഞത്. യുവാവ് കരയുകയായിരുന്നുവെന്നും താന്‍ നിസ്സഹായനായിരുന്നുവെന്നും ഒരു എന്‍ ആര്‍ ഐ എന്ന നിലയില്‍ എന്റെ ഹൃദയം തകര്‍ന്നു പോയി’ എന്നും കുനാല്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചിരുന്നു. സംഭവത്തിന് അന്‍പതോളം പേര്‍ ദൃക്സാക്ഷികളായിരുന്നെന്നും യുവാവ് സംസാരിച്ച ഹരിയാന്‍വി ഭാഷ മനസിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നും കുനാല്‍ പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

More Stories from this section

family-dental
witywide