
യുഎസ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഇനി അര്‍ജന്റീനയിലേക്ക് യാത്ര ചെയ്യാം. വിനോദ സഞ്ചാര മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കാനും ഈ മേഖലയിലെ വളര്‍ച്ചയ്ക്കും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു നീക്കത്തിന്റെ ഭാഗമായാണ് ഈ സുവര്‍ണാവസരം. സാധുവായ യുഎസ് വിസയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രവേശന എളുപ്പമാകുമെന്ന് അര്‍ജന്റീന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
യുഎസിലേക്ക് നിലവിലുള്ള ടൂറിസ്റ്റ് വിസ കൈവശമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് അര്‍ജന്റീന വിസ അല്ലെങ്കില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (A-V-E) പ്രത്യേകമായി നേടേണ്ടതില്ല. ഈ ഇളവ് സാധാരണ പാസ്പോര്‍ട്ട് ഉടമകള്‍ക്കും ബാധകമാണ്. പ്രവേശനം അനുവദിക്കുന്നതിന് മുമ്പ് നാഷണല്‍ ഇമിഗ്രേഷന്‍ ഡയറക്ടറേറ്റ് കൃത്യമായി പരിശോധനകളും നടത്തും.
നിലവില്‍ ഇന്ത്യയിലെത്തുന്ന അര്‍ജന്റീന പൗരന്മാരായ വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയുടെ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്റെ ആവശ്യമില്ല.
ഒരു മാസം മുമ്പ് നടപ്പിലാക്കിയ നയം അനുസരിച്ച് സാധുവായ യുഎസ് വിസ കൈവശം വയ്ക്കുന്ന ചൈനയിലെയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെയും പൗരന്മാര്‍ക്ക് വിസയില്ലാതെ അര്‍ജന്റീന സന്ദര്‍ശിക്കാം. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്കാര്‍ക്കും അവസരം ലഭിക്കുന്നത്.
ഈ നീക്കം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ത്തുകയും സാങ്കേതികവിദ്യ, കൃഷി, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ആഴത്തിലുള്ള സഹകരണത്തിന് വഴിയൊരുക്കുകയും ചെയ്യും. മാത്രമല്ല കോവിഡ് മഹാമാരിക്ക് ശേഷം യാത്രാ പ്രതിസന്ധികള്‍ മാറിയതോടെ ഇത്തരം വിസ ഇളവുകള്‍ അര്‍ജന്റീനയെ ഏഷ്യന്‍ വിനോദസഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്താവുന്ന ഒരു കേന്ദ്രമാക്കി മാറ്റും. ഇത് രാജ്യത്തിന്റെ ജിഡിപിയിലേക്ക് 5 ശതമാനത്തിലധികം സംഭാവന ചെയ്യുന്ന ടൂറിസം വരുമാനത്തിന് മുതല്‍ക്കൂട്ടാകും.