
യുഎസില്‍ 2026-ലേക്കുള്ള ഡൈവേഴ്‌സിറ്റി ഇമിഗ്രന്റ് വീസ (ഡിവി) പ്രോഗ്രാമിന് ഇന്ത്യന്‍ പൗരന്മാര്‍ യോഗ്യരല്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കാലയളവില്‍ യുഎസിലേക്കുള്ള കുടിയേറ്റ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരെയാണ് ഈ പ്രോഗ്രാം തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള 50,000-ത്തിലധികം സ്വദേശികള്‍ യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. ഇതിനാലാണ് ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാനാവാത്തത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കനുസരിച്ച്, 2026 സാമ്പത്തിക വര്‍ഷത്തില്‍ 55,000 വരെ ഡൈവേഴ്‌സിറ്റി വീസകള്‍ (ഡിവി) ലഭ്യമാകും. അമേരിക്കയിലെ കുടിയേറ്റ ജനസംഖ്യയെ വൈവിധ്യവല്‍ക്കരിക്കുന്നതിനാണ് ഈ പ്രോഗ്രാം.
അഞ്ച് വര്‍ഷത്തെ കാലയളവില്‍ 50,000-ത്തിലധികം പൗരന്മാര്‍ യുഎസിലേക്ക് കുടിയേറിയ ഏതൊരു രാജ്യവും അടുത്ത വര്‍ഷത്തെ ഡിവി പ്രോഗ്രാമിന് യോഗ്യരല്ല എന്നതാണ് മാനദണ്ഡം. ഇന്ത്യയ്ക്ക് പുറമെ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രസീല്‍, കാനഡ, കൊളംബിയ, ഫിലിപ്പീന്‍സ്, വെനിസ്വേല, ക്യൂബ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ഡിവി 2026 ന് യോഗ്യരല്ല.
ഡിവി പ്രോഗ്രാമിലൂടെ, ഒരു ലോട്ടറി സമ്പ്രദായം ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കും. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ആണ് ഇത് നിയന്ത്രിക്കുന്നത്. അപേക്ഷകന് കുറഞ്ഞത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലും ഉണ്ടായിരിക്കണം, അല്ലെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിശീലനം ആവശ്യമുള്ള ഒരു ജോലിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
Indians cannot apply for US Diversity Immigrant Visa in 2026