‘ചങ്ങലയിട്ട് 25 മണിക്കൂര്‍ വിമാനത്തില്‍, കാലിലാകെ നീരും വേദനയും…’ ദുരിതം പങ്കുവെച്ച് കഴിഞ്ഞ ദിവസം യുഎസ് നാടുകടത്തിയ ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി : യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകയത്തിയ അനധികൃത കുടിയേറ്റക്കാര്‍ വിമാനത്തില്‍ നേരിട്ടത് കുറ്റവാളികളോടുള്ളതിനു സമാനമായ പെരുമാറ്റം. 25 മണിക്കൂര്‍ നീണ്ട വിമാന യാത്രയില്‍ കാലില്‍ ചടങ്ങല ഇട്ടിരുന്നുവെന്നും അതിനാല്‍ കാല്‍ നീരുവന്ന് വീങ്ങിയെന്നും കഴിഞ്ഞ ദിവസം എത്തിയ 50 പേരടങ്ങുന്ന സംഘത്തിലൊരാള്‍ പറഞ്ഞു. ഹരിയാനക്കാരാണ് യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘത്തിലുള്ളത്. 25 മുതല്‍ 40 വയസു വരെ പ്രായമുള്ളവരാണ് നാടുകടത്തപ്പെട്ടവരില്‍ ഏറെയും. ഇവര്‍ ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഇവര്‍ ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെട്ടാണ് യുഎസില്‍ എത്തിയത്. ഇതിനായി 57 ലക്ഷം രൂപ വരെ ഏജന്റുമാര്‍ക്കു നല്‍കിയെന്നും തിരികെ എത്തുമ്പോള്‍ കടബാധ്യത മാത്രമാണുള്ളതെന്നും പലരും ദുഖം പങ്കുവയ്ക്കുന്നു.

അംബാലയിലെ ജഗോളി ഗ്രാമത്തില്‍ നിന്നുള്ള ഹര്‍ജിന്ദര്‍ സിംഗ് താന്‍ യുഎസിലേക്ക് കുടിയേറാന്‍ 35 ലക്ഷം രൂപ ചെലവഴിച്ചുവെന്നും താന്‍ അവിടെ പാചകം പഠിച്ചുവെന്നും പറഞ്ഞു. ഫ്‌ളോറിഡയിലെ ജാക്സണ്‍വില്ലിലാണ് താമസിച്ചതെന്നും അവിടെ മികച്ച രീതിയില്‍ ജോലി ചെയ്തുവരുമ്പോഴാണ് ട്രംപ് ഭരണകൂടം തന്നെ പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചെതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാലില്‍ ചങ്ങലയിട്ട് 25 മണിക്കൂറോളം വിമാനത്തില്‍ ഇരുത്തിയത് വളരെ വേദനാജനകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് വളരെ വിഷമമുണ്ട്. എന്റെ ലക്ഷക്കണക്കിന് രൂപ ഇപ്പോള്‍ പാഴായിപ്പോയി. എനിക്ക് അമേരിക്ക ഇഷ്ടപ്പെട്ടു. അതൊരു നല്ല രാജ്യമാണ്, പക്ഷേ പ്രസിഡന്റ് ട്രംപ് ഞങ്ങളെ തിരിച്ചയച്ചു. നിരവധി ഇന്ത്യക്കാരെ നാടുകടത്തി,’ അദ്ദേഹം പറഞ്ഞു. ’25 മണിക്കൂര്‍ വിലങ്ങുവെച്ചതിനാല്‍ എന്റെ കാലുകള്‍ വീര്‍ത്തിരിക്കുന്നു. അത് ചെയ്യാന്‍ പാടില്ലായിരുന്നു. എന്റെ കുടുംബത്തിന് വേണ്ടി കേന്ദ്രത്തില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്”- സിംഗ് പറഞ്ഞു.

നിരവധിപ്പേരാണ് തങ്ങളെ ഏജന്റുമാര്‍ പറ്റിച്ചതായും അരക്കോടിയോളം രൂപ നഷ്ടമായതായും വെളിപ്പെടുത്തിയത്. കര്‍ണാലിലെ കല്‍സി ഗ്രാമത്തില്‍ നിന്നുള്ള മറ്റൊരു ഹരീഷിനും താന്‍ പറ്റിക്കപ്പെട്ട കഥയായിരുന്നു പറയാനുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ താന്‍ യുഎസിലേക്ക് പോയതായും ഒരു കടയില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും അവിടെ നിന്ന് ഫെബ്രുവരിയില്‍ യുഎസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തെന്നും ഹരീഷ് പറഞ്ഞു.

ഏജന്റ് 42 ലക്ഷം രൂപ ഫീസുവാങ്ങി തന്നെ യുഎസിലേക്ക് അയയ്ക്കുമെന്ന് വാഗ്ദാനം ചെയ്‌തെന്നും ഒടുവില്‍ 57 ലക്ഷം രൂപ നല്‍കേണ്ടിവന്നെന്നും നാടുകടത്തപ്പെട്ടവരില്‍ ഒരാളായ നരേഷ് കുമാര്‍ പറഞ്ഞു. തന്റെ ഒരു ഏക്കര്‍ ഭൂമി വിറ്റാണ് താന്‍ 42 ലക്ഷം രൂപ നല്‍കിയതെന്നും അതിനുശേഷം പലിശയ്ക്ക് കടം വാങ്ങി 6 ലക്ഷം രൂപകൂടി നല്‍കിയെന്നും പണം തികയാതെ വന്നപ്പോള്‍ സഹോദരന്റെ സ്ഥലം അടക്കം വിറ്റാണ് ഏജന്റിന് ഞാന്‍ നല്‍കി. എന്റെ സഹോദരന്‍ ഒരു സ്ഥലം വിറ്റ് 6.5 ലക്ഷം രൂപ സമാഹരിച്ചു. തുടര്‍ന്ന് എന്റെ ബന്ധു ജൂണില്‍ 2.85 ലക്ഷം രൂപ നല്‍കി. ആകെ 57 ലക്ഷം രൂപ നല്‍കി,’ കൈതല്‍ സ്വദേശിയായ നരേഷ് ഞായറാഴ്ച പറഞ്ഞു. ഇന്ത്യയിലേക്ക് നാടുകടത്തുന്നതിന് മുമ്പ് താന്‍ മാസങ്ങളോളം ജയിലില്‍ കിടന്നുവെന്നും നരേഷ് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആദ്യം, യുഎസ് അധികൃതര്‍ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി യുവാക്കളെ ഇന്ത്യയിലേക്കു നാടുകടത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം, രാജ്യത്തെ നിയമ നിര്‍വഹണ ഏജന്‍സികള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്.

ഹരിയാനയിലെ കര്‍ണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് എന്നീ ജില്ലകളില്‍ നിന്നുള്ളവരെയാണ് കഴിഞ്ഞ ദിവസം തിരികെ എത്തിച്ചത്. ഹരിയാനയില്‍ എത്തിച്ച ഇവരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീടുകളിലേക്ക് അയച്ചെന്ന് അധികൃതര്‍ അറിയിച്ചു. പിന്നാലെയാണ് ഇവരുടെ ദുരിത യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

Indians deported to US yesterday share their suffering