
ന്യൂഡല്‍ഹി : H-1B വിസയിലുള്ള ഇന്ത്യക്കാരുടെ നെഞ്ചിടിക്കുന്ന നീക്കമാണ് അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നത്. H-1B വിസയിലുള്ള ആറ് ഇന്ത്യന്‍ പ്രൊഫഷണലുകളില്‍ ഒരാള്‍ക്ക് ജോലി നഷ്ടപ്പെട്ടതിന് ശേഷം രാജ്യം വിട്ടുപോകാനോ പുതിയ ജോലി കണ്ടെത്താനോ 60 ദിവസം പോലും ലഭിക്കുന്നില്ല. ഈ കാലാവധിക്കുള്ളില്‍ പുതിയ ജോലി നേടിയില്ലെങ്കില്‍ രാജ്യം വിടാന്‍ വൈകിയെന്ന് കാട്ടി യുഎസില്‍ നിന്ന് സ്ഥിരമായ വിലക്കും നേരിടേണ്ടിവരും. പ്രൊഫഷണലുകള്‍ക്കായുള്ള ആപ്പായ BLIND-ല്‍ നടത്തിയ ഒരു വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യം ചര്‍ച്ചയായിരിക്കുന്നത്.
സാധാരണയായി, പിരിച്ചുവിട്ട H-1B തൊഴിലാളികള്‍ക്ക് പുതിയ തൊഴിലുടമയെ കണ്ടെത്താനോ വിസ സ്റ്റാറ്റസ് മാറ്റാനോ 60 ദിവസം സമയം നല്‍കുന്നു. എന്നാല്‍ 2025 മധ്യത്തോടെ, സമയപരിധിക്ക് വളരെ മുമ്പേ – ചിലപ്പോള്‍ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ രാജ്യം വിടാന്‍ നോട്ടീസ് ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.
‘ജോലി അവസാനിച്ചതിന് ശേഷം എത്രയും വേഗം യുഎസ് വിട്ടുപോകാന്‍ ഇമിഗ്രേഷന്‍ അഭിഭാഷകര്‍ ഇപ്പോള്‍ ഉപദേശിക്കുന്നുവെന്നും അല്ലാത്തപക്ഷം നിങ്ങള്‍ക്ക് യുഎസില്‍ നിന്ന് സ്ഥിരമായ വിലക്ക് നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പെന്നും നിരവധി പേര്‍ അനുഭവം പങ്കുവയ്ക്കുന്നു.
യുഎസ് വര്‍ക്ക് വിസയിലുള്ള 45 ശതമാനം ഇന്ത്യന്‍ പ്രൊഫഷണലുകളും ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായാല്‍ അതുതന്നെ തിരഞ്ഞെടുക്കുമെന്നും 26 ശതമാനം പേര്‍ മറ്റിടങ്ങളിലേക്ക് താമസം മാറാന്‍ തീരുമാനിക്കുകയാണെന്നും 29 ശതമാനം പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും BLIND- ആപ്പ് സര്‍വ്വേയില്‍ പറയുന്നു.
ശമ്പളത്തിലെ കുത്തനെയുള്ള വെട്ടിക്കുറവ്, കുറഞ്ഞ തൊഴില്‍ അവസരങ്ങള്‍ എന്നിവയാണ് പ്രൊഫഷണലുകള്‍ നേരിടുന്ന വലിയ വെല്ലുവിളികള്‍. ഒരിക്കല്‍ നഷ്ടപ്പെട്ടെങ്കിലും വീണ്ടും യുഎസ് വര്‍ക്ക് വിസ തിരഞ്ഞെടുക്കുമോ എന്ന് ചോദിച്ചപ്പോള്‍, 35 ശതമാനം പേര്‍ മാത്രമാണ് അതെ എന്ന് പറഞ്ഞത്. യുഎസിലേക്കുള്ള കുടിയേറ്റത്തില്‍ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ആശങ്കയാണ് ഇതിലൂടെ വ്യക്തമാകുന്നത്.