
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ സാമ്പത്തികമായും വരിഞ്ഞുമുറുക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്താന് അന്താരാഷ്ട്ര ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന വായ്പ തടയുകയാണ് ലക്ഷ്യംവെക്കുന്നത്.
‘പാകിസ്താനുള്ള വായ്പകളും പിന്തുണയും പുനഃപരിശോധിക്കാന്‍ ഞങ്ങള്‍ എല്ലാ ബഹുരാഷ്ട്ര ഏജന്‍സികളോടും ആവശ്യപ്പെടും’ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ലോക ബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള എംഡിബികളെ നേരിട്ട് സമീപിക്കാനുള്ള നീക്കമാണ് നടത്തുന്നത്.
പാകിസ്താന് അനുവദിക്കുന്ന ഫണ്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റുകയാണെന്ന് ഇന്ത്യ ഉന്നയിക്കും.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നാണയ നിധിയില്‍നിന്ന് 7 ബില്യണ്‍ ഡോളറിന്റെ പദ്ധതി പാകിസ്താന്‍ നേടിയെടുത്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 1.3 ബില്യണ്‍ ഡോളറിന്റെ പുതിയ കാലാവസ്ഥാ പ്രതിരോധ വായ്പയും പാകിസ്താന് ലഭിച്ചിരുന്നു. സാമ്പത്തികപ്രതിസന്ധിയില്‍ വലയുന്ന പാകിസ്താന് ഇതിനിടെ സഹായധനം നല്‍കാനുള്ള അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) നീക്കവും നടക്കുന്നുണ്ട്. ഇതിനെ ഇന്ത്യ എതിര്‍ക്കും.
ഭീകരവാദത്തിന് പണം ദുരുപയോഗംചെയ്യുന്നത് തടയാനായി രാജ്യാന്തരതലത്തിലുള്ള നിരീക്ഷകസംവിധാനമായ സാമ്പത്തിക കര്‍മസമിതിയുടെ ‘ഗ്രേ’ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്താനുള്ള നീക്കവും ശക്തിപ്പെടുത്തും. ജമ്മു-കശ്മീരിലേക്ക് അനധികൃതപണത്തിന്റെ ഒഴുക്കിന് തടയിടുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 40 രാജ്യങ്ങളാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സില്‍ അംഗങ്ങള്‍. ഇതില്‍ പാകിസ്താനില്ല.
ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് മറ്റുരാജ്യങ്ങളുടെ പിന്തുണവേണം. ഫെബ്രുവരി, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലായി മൂന്നുതവണയാണ് പ്ലീനറി ചേരുക. കള്ളപ്പണംവെളുപ്പിക്കല്‍, ഭീകരവാദത്തിനെത്തുന്ന ധനസ്രോതസ്സ് തുടങ്ങി ഒരു രാജ്യം നേരിടുന്ന ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഗ്രേ ലിസ്റ്റില്‍ പെടുത്തുന്നതിനാവശ്യമായ നാമനിര്‍ദേശം നടത്തേണ്ടത്. ഇതേ മാതൃകയിലുള്ള ഏഷ്യാ പസിഫിക് ഗ്രൂപ്പ് ഓഫ് മണി ലോണ്ടറിങ്ങില്‍ പാകിസ്താനും അംഗത്വമുണ്ട്. ഇന്ത്യ രണ്ടുസമിതികളിലും അംഗമാണ്.
India’s move to break Pakistan’s backbone economically