ഓസ്ട്രേലിയയില്‍ ചരിത്ര നേട്ടവുമായി ലേബര്‍ പാര്‍ട്ടി ; ട്രംപ് നയങ്ങള്‍ക്കെതിരെ പ്രചാരണം കൊഴുപ്പിച്ച പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന് ഭരണത്തുടര്‍ച്ച

ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. ഇന്ന് നടന്ന വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടായതോടെ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനെ കാത്തിരിക്കുന്നത് ഭരണത്തുടര്‍ച്ച.

ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കിടെ തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലെത്തുന്ന ആദ്യത്തെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ് ആന്റണി ആല്‍ബനീസ്.

ജനപ്രതിനിധി സഭയിലെ 150 സീറ്റുകളിലേക്കും സെനറ്റിലെ 76ല്‍ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണിന്റെ നേതൃത്വമുള്ള ലിബറല്‍-നാഷണല്‍ സഖ്യവും തമ്മില്‍ നടന്ന ശക്തമായ മത്സരത്തില്‍ പീറ്റര്‍ ഡട്ടണ്‍ ഉള്‍പ്പെടെ പരാജയപ്പെട്ടു.

76 സീറ്റാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ജനപ്രതിനിധി സഭയില്‍ വേണ്ട ഭൂരിപക്ഷം. ലേബര്‍ പാര്‍ട്ടി ഇതിനോടകം 86 സീറ്റുകളില്‍ മുന്‍കൈ നേടിയിട്ടുണ്ട്. ലിബറല്‍ നാഷണല്‍ കൊളീഷന്‍ 41 സീറ്റുകളും നേടി. സ്വതന്ത്രരും മറ്റുള്ളവരും 9 സീറ്റുകളും നേടി.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രചാരണം കൊഴുപ്പിച്ച നേതാവായിരുന്നു ആല്‍ബനീസ്. ഫെബ്രുവരിയില്‍ ആല്‍ബനീസിന്റെ ലേബര്‍ സര്‍ക്കാര്‍ യാഥാസ്ഥിതിക ലിബറല്‍-നാഷണല്‍ സഖ്യത്തിനെതിരായ വോട്ടെടുപ്പുകളില്‍ പിന്നിലായിരുന്നു. എന്നാല്‍ ട്രംപിന്റെ താരിഫ് ഭീഷണികളില്‍ വോട്ടര്‍മാര്‍ കൂടുതല്‍ പരിഭ്രാന്തരായി സുരക്ഷിതമായ ഇടം തേടിയതോടെ പ്രചാരണം രാജ്യത്തെ രക്ഷിക്കാനുള്ള ഭാഗമാക്കി പ്രചാരണ വഴി തിരിച്ചുവിടുകയായിരുന്നു ആല്‍ബനീസ്. ലേബര്‍ പാര്‍ട്ടി അവരുടെ എതിരാളികളെയും യുഎസ് പ്രസിഡന്റിനെയും താരതമ്യം ചെയ്തതോടെ അദ്ദേഹത്തിന്റെ പിന്തുണ വര്‍ദ്ധിക്കുകയായിരുന്നു.