
ഡൽഹി: ഇൻഡിഗോയുടെ സർവീസ് വെട്ടിക്കുറച്ചതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിമാനക്കമ്പനികൾ യാത്രക്കാരെ “കൊള്ളയടിക്കാൻ” അനുവദിച്ചതിനാണ് കോടതിയുടെ കടുത്ത അതൃപ്തി. ഒറ്റ ദിവസം കൊണ്ട് ടിക്കറ്റ് നിരക്ക് 35,000–40,000 രൂപ വരെ കുതിച്ചുയർന്നത് സർക്കാരിന്റെ നിഷ്ക്രിയത്വം കൊണ്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. “പ്രതിസന്ധി ഉണ്ടായ ശേഷം മാത്രം നടപടി എടുക്കുന്ന നിലപാടാണ് സ്ഥിതി വഷളാക്കിയത്” എന്ന് ജസ്റ്റിസ് മിനി പുഷ്കർണയുടെ ബെഞ്ച് നിരീക്ഷിച്ചു.
യാത്രക്കാർക്ക് സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും സർക്കാർ മുൻകൂട്ടി ഇടപെട്ടില്ലെന്ന് കോടതി വിമർശിച്ചു. മറ്റു വിമാനക്കമ്പനികൾ നിരക്ക് ക്രമാതീതമായി ഉയർത്തി നേട്ടമുണ്ടാക്കിയത് തടയാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും ഡിജിസിഎയ്ക്കും കഴിഞ്ഞില്ലെന്ന് കോടതി ആരോപിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടന്ന യാത്രക്കാർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ ഉടൻ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.
“ഒരു പ്രതിസന്ധി വന്നാൽ മറ്റു കമ്പനികൾ അതിൽ നിന്ന് എങ്ങനെ ലാഭമുണ്ടാക്കും? ടിക്കറ്റ് നിരക്ക് ഇത്രയധികം ഉയരാൻ നിങ്ങൾ അനുവദിച്ചു” എന്ന് കോടതി ചോദിച്ചു. യാത്രക്കാർക്ക് മാത്രമല്ല, സാമ്പത്തിക നഷ്ടവും വലിയ രീതിയിൽ ഉണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും.










