
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൽ പൊതുമധ്യത്തിൽ തന്റെ ലാപ്ടോപ്പ് എത്ര വേഗത്തിൽ മോഷ്ടിക്കപ്പെടുമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത അമേരിക്കൻ ഇൻഫ്ലുവൻസറുടെ വീഡിയോ പുതിയ ചർച്ചകൾക്കുകൂടിയാണ് തുടക്കമിട്ടിരിക്കുന്നത്.
ആരാധകർക്കിടയിൽ സാംബുച്ച എന്നറിയപ്പെടുന്ന സാം ബെറസ് തൻ്റെ പുതിയ ലാപ്ടോപ്പുമായി ഒരു പരീക്ഷണം നടത്തി. ന്യൂയോർക്ക് നഗരത്തിൽ ഒരു ലാപ്ടോപ് മോഷണം പോകാൻ എത്ര സമയമെടുക്കുമെന്നായിരുന്നു സാംബുച്ചയുടെ പരീക്ഷണം. അതിന്റെ ഫലങ്ങൾ പലരെയും അത്ഭുതപ്പെടുത്തി. ന്യൂയോർക്ക് സിറ്റിയിലെ തിരക്കേറിയ സ്ഥലത്ത് അദ്ദേഹം ഒരു ലാപ്ടോപ്പ് വെച്ചിട്ട് അൽപസമയം മാറി നിൽക്കുന്നു. ലാപ്ടോപിനെ കേന്ദ്രീകരിച്ച് ഒരു വീഡിയോ ചിത്രീകരണവും തുടങ്ങുന്നു. പരീക്ഷണം ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ ഒരാൾ ലാപ്ടോപ്പ് എടുത്തുകൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം.
“ന്യൂയോർക് സിറ്റിയിൽ ഒരാൾ നിങ്ങളുടെ ലാപ്ടോപ്പ് മോഷ്ടിക്കാൻ എത്ര സമയമെടുക്കും?” സാം ബെറസ് ഒരു വീഡിയോയിലൂടെ ചോദിക്കുന്നതും തുടർന്നു നടന്ന സംഭവങ്ങളും വൈറലാകാൻ അധികനേരം വേണ്ടിവന്നില്ല.
പക്ഷേ സോഷ്യൽമീഡിയ ഇക്കാര്യത്തിലും രണ്ടായി തിരിഞ്ഞു. പരീക്ഷണത്തിന്റെ വീഡിയോ ആളുകളിൽ നിന്ന് നിരവധി പ്രതികരണങ്ങൾക്ക് കാരണമായി. ചിലർ നഗരത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്കിനെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ, മറ്റുള്ളവർ അതെടുത്തുകൊണ്ടുപോയ വ്യക്തിയെ ന്യായീകരിച്ചു. ഉടമയെക്കുറിച്ച് കൂടുതലറിയാനും ഉപകരണം തിരികെ നൽകാനും ആ വ്യക്തി അത് എടുത്തിരിക്കാമെന്ന് ചിലർ വാദിച്ചു . അയാൾ ലാപ്ടോപ് എടുത്തുകൊണ്ടുപോകുന്നത് കണ്ടിട്ടും എന്താണ് തിരികെ ചോദിക്കാത്തതെന്ന് ഇൻഫ്ലുവൻസറോട് ചിലർ ചോദിക്കുന്നുണ്ട്. അയാൾ അത് മോഷ്ടിച്ചുവെന്ന് ഉറപ്പാണോ എന്നും വിലാസം കണ്ടെത്തി നിങ്ങൾക്ക് തിരികെ തരാനുള്ള സാധ്യത ഉണ്ടെന്നും ചിലർ സമാധാനപ്പെട്ടു.
“ഞാനാണെങ്കിൽ അതെടുത്ത് പൊലീസിൽ ഏൽപ്പിക്കുമായിരുന്നു, അതിനാൽ നിങ്ങൾ അയാൾ അത് പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.”- ചിലർ ഉപദേശിക്കുന്നു.
സാം ബെറസ് ആരാണ്?
ആരാധകർക്കിടയിൽ സാംബുച്ച എന്നറിയപ്പെടുന്ന ബെറസ്, ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, ന്യൂയോർക്ക് യൂണിവേഴിസ്റ്റിയിൽ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് ധനകാര്യത്തിൽ ബിരുദം നേടിയ വ്യക്തിയാണ്. മൂന്ന് വർഷത്തിലേറെയായി, 2021 ലാണ് തന്റെ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. അതിന് മുമ്പ് അദ്ദേഹം ബാർക്ലേസിൽ ഒരു അനലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. യൂട്യൂബിന് പുറമേ, സാംബുച്ച തന്റെ വീഡിയോകൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യാറുണ്ട്.
Influencer’s laptop stolen in New York City in just 5 minutes, video goes viral.













