
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിൽ പ്രതികരിച്ച് നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്ത്. മനുഷ്യൻ എന്ന നിലയിലാണ് താൻ ഇടപെട്ടതെന്നും മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ തുടർന്നും ഇടപെടും. ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. യമൻ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താൻ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഫേസ്ബുക്ക് കുറിപ്പിലൂടെയും അറിയിച്ചിരുന്നു. യെമൻ കോടതിയുടെ വിധി പകർപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചാണ് കാന്തപുരം വിവരം അറിയിച്ചത്. പ്രാർഥനകൾ ഫലം കാണുന്നവെന്നും നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ടെന്നുമാണ് കാന്തപുരം എഫി ബിയിൽ കുറിച്ചത്. ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്നും അദ്ദേഹം കുറിച്ചു.
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് കാന്തപുരം മുസ്ലിയാരുടെ നേതൃത്വത്തിൽ യെമനിലെ മത പണ്ഡിതൻ വഴിയുള്ള ഇടപെടലുണ്ടായതും കോടതി, വധശിക്ഷ നീട്ടിവച്ചതും. സെയ്ദ് ഉമർ ഹഫീസ് എന്ന യെമൻ സുന്നി പണ്ഡിതൻ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാൻ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം കിട്ടിയത്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സഹായികൾ നേരത്തെ അറിയിച്ചിരുന്നു. തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുവാൻ നേരത്തെ നിയമസഹായ സമിതിക്ക് കഴിഞ്ഞിരുന്നില്ല. തലാലിന്റെ സഹോദരനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്നും ചർച്ച തുടരുകയാണെന്നും കാന്തപുരം വിഭാഗം അറിയിച്ചു.