
എഡിസൺ, ന്യു ജേഴ്‌സി: വിഷ്വൽ മീഡിയയും സോഷ്യൽ മീഡിയയും മാധ്യമ ലോകത്ത് തേരോട്ടം നടത്തുമ്പോഴും പത്രം എന്ന മാധ്യമത്തിനുള്ള ലെഗസിയും വിശ്വാസ്യതയും വിലയും ഏറ്റവും മുകളിൽ തന്നെയാണ് എന്ന് മനോരമ ന്യൂസ് ടിവി ഡയറക്ടർ ജോണി ലൂക്കോസ്. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ ജേഴ്സി സമ്മേളനത്തിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
മുമ്പ് പത്രങ്ങളായിരുന്നു വിവരങ്ങൾ ആദ്യം ആളുകളിലേക്ക് എത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. തീർച്ചയായും പത്രങ്ങൾ വെല്ലുവിളികളെ നേരിടുന്നുണ്ട്, എന്നാൽ അതിനെ അതിജീവിക്കാൻ പത്രങ്ങൾ പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ട്. വാർത്തയുടെ കോൺടെക്സ്റ്റ് കൃത്യമായും വിശദമായും കൊടുക്കുന്നത് പത്രങ്ങളാണ്. മാത്രമല്ല വാർത്തക്കു പിന്നിലെ വാർത്ത, വാർത്തയുടെ വിശദാംശങ്ങളെ വിശദമായും ആഴത്തിലും കൊടുക്കുക തുടങ്ങിയ രീതികൾ പത്രങ്ങൾ പിന്തുടരുന്നു. കാഴ്ചയിലും തലക്കെട്ടിലും കെട്ടിലും മട്ടിലും മികച്ചതും ക്രിയേറ്റീവുമായിരിക്കാനും പത്രങ്ങൾ ശ്രമിക്കുന്നു. മികച്ച ചില എക്സ്ക്ളൂസീവുകളും പത്രങ്ങൾ കൊണ്ടുവരുന്നുണ്ട്. വ്യക്തിപരമായി പത്രമാണ് തനിക്ക് ഇഷ്ടമെന്നും ജോണി ലൂക്കോസ് പറഞ്ഞു.

കടലാസ് എന്ന മീഡിയം മാറി ഡിജിറ്റൽ ആകുമെന്നല്ലാതെ പത്രങ്ങളുടെ ഉള്ളടക്കത്തിന് ആവശ്യക്കാർ എല്ലാ കാലത്തും ഉണ്ടായിരിക്കുമെന്ന് സെമിനാറിൽ സംസാരിച്ച ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.
പ്രിൻ്റ് മീഡിയക്ക് ഇനി ഭാവിയുണ്ടെന്ന് താൻ കരുതുന്നില്ല എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ കുര്യൻ പാമ്പാടി പറഞ്ഞു.
വിഷ്വൽ മീഡിയ തുടങ്ങിയ കാലത്ത് തുടങ്ങിയ ചർച്ചയാണ് പത്രങ്ങൾ മരിക്കുന്നോ ഇല്ലയോ എന്നത്. ഇതുവരെ അത് സംഭവിച്ചിട്ടില്ല ഇനിയും പ്രിൻ്റ് മീഡിയ നിലനിൽക്കും എന്ന് ന്യൂസ് 18 കൺസൽട്ടിങ് എഡിറ്റർ ലീൻ ബി ജെസ്മാസ് പറഞ്ഞു.

പത്രം എന്നത് മലയാളിയുടെ ഒരു ശീലവും സംസ്കാരവുമായതിനാൽ തന്നെ മില്ലേനിയൽസിൻ്റെ കാലം കഴിയും വരെയെങ്കിലും പ്രിൻ്റ് നിലനിൽക്കും എന്ന് 24 ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം പറഞ്ഞു.
പല തലമുറകളെ മലയാളത്തോട് ചേർത്ത് നിർത്തുകയും മിഴിവോടെ ഭാഷ പ്രയോഗിക്കാനുള്ള വൈഭവം ഉണ്ടാക്കി തരികയും ചെയ്തത് പത്രങ്ങളാണ് എന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ പറഞ്ഞു. മാത്രമല്ല കേരളത്തിലെ പൊളിറ്റിക്കൽ നരേറ്റിവുകൾ സൃഷ്ടിക്കുന്നതിൽ പത്രങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കരുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്രങ്ങൾ ഇല്ലാതാകുമെന്ന് കരുതുന്നില്ല, പ്രിൻ്റിൽ നിന്ന് ഡിജിറ്റൽ ഫോമിലേക്ക് പത്രങ്ങൾ മാറുന്ന അവസ്ഥയുണ്ട്. എന്തായാലും പത്രങ്ങളും വിഷ്വൽ മീഡിയയുമായുള്ള മൽസരം സ്വാഗതാർഹമാണെന്ന് റിപ്പോർട്ടർ ടിവി കോർഡിനേറ്റിങ് എഡിറ്റർ സുജയ പാർവതി പറഞ്ഞു.മത്സരങ്ങള്‍ എപ്പോഴും ആവേശമാണ്. ടിവി റേറ്റിങ്ങിനെ കുറിച്ച് പറഞ്ഞാൽ, ഉത്തരക്കടലാസ് കിട്ടുന്നതുപോലെയുള്ള ആവേശമാണ് ഓരോ ബാര്‍ക്ക് റേറ്റിംഗ് ദിനത്തിലും അനുഭവപ്പെടാറുള്ളത്. ഒന്നാംസ്ഥാനത്തുള്ള ഏഷ്യാനെറ്റിന് എപ്പോഴും അങ്ങനെയായിരിക്കില്ല ഇനിയുളള കാലം എന്ന സന്ദേശം നല്‍കാന്‍ പുതിയ കാല ദൃശ്യമാധ്യമങ്ങള്‍ക്ക് സാധിച്ചുവെന്നും റിപ്പോര്‍ട്ടര്‍, 24 ന്യൂസ് ചാനലുകളെ കണ്ട് ഏഷ്യാനെറ്റിന് മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ നിര്‍ബന്ധിതരാകേണ്ടിവന്നുവെന്നും സുജയപാര്‍വ്വതി പറഞ്ഞു.
പ്രിൻ്റ് മീഡിയയിൽ നിന്ന് ഡിജിറ്റൽ മീഡിയയായ എൻആർഐ റിപ്പോർട്ടറിലേക്ക് താൻ മാറിയത് സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാലാണ്എന്ന് എൻആർഐ റിപ്പോർട്ടർ ചീഫ് എഡിറ്റർ ബിജു കിഴക്കേക്കൂറ്റ് പറഞ്ഞു. സാങ്കേതിക വിദ്യയുടെ വളർച്ചയോടെ വിരൽ തുമ്പിൽ നിമിഷങ്ങൾക്കുള്ളിൽ കാര്യങ്ങൾ അറിയാം എന്നു വന്നു. പിന്നെ എന്തിനാണ് കുറേ ദിവസം കഴിഞ്ഞ് വരുന്ന പത്രത്തിനു വേണ്ടി കാത്തിരിക്കുന്നത് അദ്ദേഹം ചോദിച്ചു.

പ്രിന്റ് പത്രങ്ങൾ ഇനി ആവശ്യമോ? അവ എത്ര കാലം കൂടി ഉണ്ടാവും?പ്രേക്ഷകർക്ക് ടി വി റേറ്റിങ് എത്രമാത്രം പ്രസക്തമാണ്? എന്നീ വിഷയങ്ങൾ ചർച്ച ചെയ്ത സെമിനാറിൽ മാധ്യമ പ്രവർത്തകരായ കുര്യൻ പാമ്പാടി, ജോണി ലൂക്കോസ്, ലീൻ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയാ പർവതി, അബ്‌ജോദ് വർഗീസ്, മോത്തി രാജേഷ്, ജോർജ് ജോസഫ്, ടാജ് മാത്യു, ജീമോൻ റാന്നി, ജോസ് കടാപ്പുറം എന്നിവർ പാനലിസ്റ്റുകളായിരിരുന്നു. ഷിക്കാഗോ, ഡിട്രോയിറ്റ്, അറ്റ്ലാൻ്റ, കാലിഫോർണിയ ചാപ്റ്റർ പ്രസിഡന്റുമാരും അംഗങ്ങളും വേദിയിൽ സന്നിഹിതരായിരിക്കും. അമേരിക്കയിലെ മാധ്യമ പ്രവർത്തകരായ അലൻ ജോർജ്, രാജു പള്ളം, ജോർജ് ജോസഫ്, വൈശാഖ് ചെറിയാൻ, ഷോളി കുമ്പിളുവേലി, വിനോദ് ജോൺ തുടങ്ങിവരും ചർച്ചയിൽ സംസാരിച്ചു.
From paper to digital, newspapers may not disappear: IPCNA media seminar