മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഏറ്റവും കൂടുതൽ ഭീഷണിയും നിയന്ത്രണവും നേരിടുന്ന കാലം: ഐ പി സി എൻ എ വേദിയിൽ വി കെ ശ്രീകണ്ഠൻ എംപി

എഡിസൺ (ന്യു ജേഴ്‌സി): മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഏറ്റവും കൂടുതൽ ഭീഷണിയും നിയന്ത്രണവും നേരിടുന്ന കാലഘട്ടമാണ് ഇതെന്ന് വി കെ ശ്രീകണ്ഠൻ എംപി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക  (ഐ പി സി എൻ എ)  അന്താരാഷ്ട്ര മാധ്യമ  സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെ നിലനിർത്തുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങൾക്കു നേരെയുള്ള നിയന്ത്രണം ജനാധിപത്യവും സ്വാതന്ത്ര്യവും നേരിടുന്ന ഭീഷണിയാണ്. അപ്രിയവാർത്തകൾ ഭരണാധികാരികൾക്ക് ഇഷ്ടമല്ല, അതുകൊണ്ടു തന്നെ അവർ മാധ്യമങ്ങളെ പല വഴികളിലൂടെ നിയന്ത്രിച്ചുകൊണ്ടിരിക്കും. സർക്കാർ തരുന്ന വാർത്തകൾ മാത്രം കൊടുത്താൽ മതി, അതിനപ്പുറം ആരും ഒന്നും അറിയേണ്ട എന്ന നിലപാടാണ് ഇന്ത്യൻ ഭരണകൂടത്തിൻ്റേത്. പാർലമെൻ്റിലും മന്ത്രാലയങ്ങളിലുമൊക്കെ ഒരു മാധ്യമ പ്രവർത്തകൻ കടന്നു പോകണമെങ്കിൽ നിരവധി പരിശോധനകൾക്കു വിധേയമാകേണ്ട ഗതികേടുണ്ട് ഇപ്പോൾ. പലപ്പോഴും മാധ്യമപ്രവർത്തകർക്കു പോലും പ്രവേശനം നിഷേധിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. മാധ്യമങ്ങളെന്ന തിരുത്തൽ ശക്തിയെ ഇല്ലാതാക്കാൻ മാധ്യമ സ്ഥാപനങ്ങളിലെ റെയ്ഡ്, ഇഡി, അന്യായ തടങ്കൽ , ഭീഷണി തുടങ്ങിയ ഭരണകൂട ഭീകരതകൾ നിലനിൽക്കുന്ന അവസ്ഥയുണ്ട്. രാജ്യവും ജനാധിപത്യവും നിലനിൽക്കണമെങ്കിൽ എല്ലാ മനുഷ്യർക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും വേണമെന്ന കാര്യം മറക്കരുത്. അമേരിക്കൻ മലയാളികൾ ഒറ്റക്കെട്ടായി ഭിന്നതയേതുമില്ലാതെ ഐപിസിഎൻഎയുടെ കീഴിൽ അണിചേർന്നു നിൽക്കുന്നത് ഏറെ സന്തോഷകരമായ കാഴ്ചയാണെന്നും ശ്രീകണ്ഠൻ പറഞ്ഞു.

ജനാധിപത്യം എന്നത് വെറുതെ വളരുന്ന ഒരു ചെടിയല്ലെന്നും അത് നട്ടുനനച്ചു വളർത്തേണ്ട ഒന്നാണെന്നും അതിന് കാഴ്ചക്കാരായി നിൽക്കുകയല്ല എല്ലാവരും ജാഗ്രതയോടെ ഇടപെടുകതന്നെ വേണമെന്ന് മനോരമ ന്യൂസ് ടിവി ഡയറക്ടർ ജോണി ലൂക്കോസ്. അമേരിക്കൻ മലയാളിക്ക് മലയാളത്തോടും മലയാള മാധ്യമ രംഗത്തോടുമുള്ള അഭിനിവേശം അതിശയകരമാണെന്നും പലപ്പോഴായി അമേരിക്കയിലെ സുഹൃത്തുക്കളുടെ വീട്ടിൽ താമസിച്ചിട്ടുള്ള തനിക്ക് അമേരിക്ക കേരളം പോലെതന്നെ തോന്നിക്കുന്ന ഒരു സ്ഥലമാണെന്നും ജോണി ലൂക്കോസ് പറഞ്ഞു. ബിജു കിഴക്കേക്കൂറ്റിനെ പോലെ പലരുടേയും വീട്ടിലാണ് ഞാൻ ഇവിടെ വന്നാൽ താമസിക്കുന്നത്. കേരളത്തിലെ അതേ ഭക്ഷണം, ആറ്റിറ്റ്യൂഡ്, സംസ്കാരം എല്ലാമുള്ളവരാണ് ഇവിടുത്തെ മലയാളി . ഇടയ്ക്കിടെ ഇവിടെയുള്ളവർ ഫോൺ വിളിക്കാറുണ്ട്, അതുകൊണ്ട് എനിക്കിവിടെ അമേരിക്കയിൽ ഒരു ജോലിയുണ്ടോ എന്നു പോലും സംശയമുണ്ടാകാറുണ്ടെന്നും ജോണി ലൂക്കോസ് തമാശ രൂപേണ പറഞ്ഞു.

ഇരു പതിറ്റാണ്ടുകളായി അമേരിക്കയിൽ പ്രവർത്തിച്ചുവരുന്ന ഐ പി സി എൻ എ എന്ന സംഘടന ഐക്യത്തോടെ കൂടുതൽ ശക്തമായി വരികയാണെന്നും ഈ സംഘടനയ്ക്ക് അമേരിക്കയിലെ ജനമസ്സില്‍ വലിയ സ്ഥാനമാണ് ഉള്ളതെന്നും അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരുമായി അമേരിക്കന്‍ മലയാളികൾക്ക് പരിചയപ്പെടാനും സംവദിക്കാനുമുള്ള അവസരം ഐ പി സി എൻ എ സൃഷ്ടിക്കുകയാണ്. ഒരു സംഘടന എന്നതിനെക്കാള്‍ കൂടുതല്‍ ഇതൊരു കൂട്ടായ്മയാണ്..മുൻ ഭാരവാഹികളും ഇപ്പോഴത്തെ ഭാരവാഹികളും തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഇടമാണ് ഐ പി സി എൻ എ എന്നും സുനിൽ പറഞ്ഞു.

റിസോഴ്സുകളുടെ കുറവും സമയ കുറവും എല്ലാം ഉണ്ടെങ്കിലും ആത്മാര്‍ത്ഥമായി മാധ്യമപ്രവർത്തനം നടത്തുന്നവരാണ് യുഎസിലെ മലയാളികൾ. സ്വന്തം പോക്കറ്റില്‍ നിന്ന് കാശുമുടക്കിയാണ് പലരും ഈ ജോലി ചെയ്യുന്നതെന്ന് ഐ പി സി എൻ എ പ്രസിഡൻ്റ് സുനിൽ ട്രൈസ്ററാർ പറഞ്ഞു.

മലയാളത്തിന്റെ തോരാമഴയിൽ നനഞ്ഞുനിൽക്കുന്ന യുഎസിലെ മലയാളികൾ ഐ പി സി എൻ എ എന്ന സംഘടനയുടെ തണലിൽ ഒത്തുനിൽക്കുന്നത് കാണുമ്പോൾ ആവേശവും അഭിമാനവും തോന്നുന്നു എന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ പറഞ്ഞു. എഡിസൺ മേയർ സാം ജോഷി ചടങ്ങിന് ആശംസകൾ നേരാൻ എത്തിയിരുന്നു.

മുതിർന്ന മാധ്യമ പ്രവർത്തകൻ കുര്യൻ പാമ്പാടി, മാധ്യമ പ്രവർത്തകരായ ലീൻ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയ പാർവതി, അബ്‌ജോത് വർഗീസ്, മോത്തി  രാജേഷ് എന്നിവരും ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻറണി, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ബിലീവേഴ്സ് ചർച്ച് മാനേജിങ് ഡയറക്ടർ സിജോ പണ്ടാപ്പള്ളിൽ എന്നിവരും ചടങ്ങിൽ സംസാരിച്ചു. അനിൽ ആറന്മുള, ജോർജ് തുമ്പയിൽ എന്നിവർ എംസിമാർ ആയിരുന്നു.

ചടങ്ങിൽ ഐ പി സി എൻ എ കോൺഫറൻസിനോട് അനുബന്ധിച്ചുള്ള സുവനീർ പ്രകാശനം ചെയ്തു. വികെ ശ്രീകണ്ഠൻ എംപി പ്രമോദ് നാരായൺ എംഎൽഎക്ക് നൽകികൊണ്ടാണ് സുവനീർ പ്രകാശനം ചെയ്തത്. സുവനീർ ചീഫ് എഡിറ്റർ മാത്തുകുട്ടി ഈശോ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. ഇവൻ്റിൻ്റെ സ്പോൺസർമാരെ ചടങ്ങിൽ ആദരിച്ചു.

IPCNZ Media conference in Edison USA seminar VK Sreekantan

Also Read

More Stories from this section

family-dental
witywide